അഹമ്മദാബാദ്: രണ്ടാംവിവാഹത്തെ എതിര്‍ത്തതിന് പിതാവ് കടിച്ചുപരിക്കേല്‍പ്പിച്ചതായി മകന്റെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് ദരിയാപുര്‍ സ്വദേശിയായ യഹിയ ഷെയ്ഖാണ് 50-കാരനായ പിതാവ് നഹീമുദ്ദീന്‍ ഷെയ്ഖിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. രണ്ടാം വിവാഹം കഴിക്കാനുള്ള പിതാവിന്റെ നീക്കത്തിനെ എതിര്‍ത്തതിന് തന്റെ ശരീരമാസകലം കടിച്ചുപരിക്കേല്‍പ്പിച്ചെന്നാണ് യഹിയ ഷെയ്ഖിന്റെ ആരോപണം. 

ഞായറാഴ്ച വൈകീട്ട് വീടിന്റെ മുകള്‍നിലയില്‍നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പിതാവ് തടഞ്ഞുനിര്‍ത്തി കവിളിലും ചുമലിലും മുതുകിലും കടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തടയാനെത്തിയ മാതാവ് സുബേദാബാനുവിന്റെ മുഖത്ത് അടിച്ചതായും പരാതിയിലുണ്ട്. 

യഹിയ ഷെയ്ഖും മാതാവും വീടിന്റെ മുകള്‍നിലയിലാണ് താമസം. നഹീമുദ്ദീന്‍ ഷെയ്ഖ് താഴത്തെ നിലയിലും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ഭാര്യയെയും മകനെയും അകറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ ആലോചിച്ചത്. എന്നാല്‍ ഇക്കാര്യമറിഞ്ഞ മകന്‍ പിതാവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്. 

Content Highlights: father bites son for objecting his second marriage in gujarat