ഓയൂര്‍ : സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മകന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ച അച്ഛനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇളമാട്, ചെറുവക്കല്‍ മുടിയന്നൂര്‍ പള്ളിക്ക് സമീപം ബിജുഭവനില്‍ ബിജു(43)വാണ് പിടിയിലായത്.

വിദ്യാര്‍ത്ഥിയായ മകന്‍ കഴിഞ്ഞ ദിവസം മുറിയിലെ കസേരയില്‍ ഇരിക്കുന്ന സമയത്ത് പുറകിലൂടെ എത്തി സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ മുറിവ് മാരകമായില്ല.

പരിക്കേറ്റ കുട്ടിയെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന ബിജു അസഭ്യംപറഞ്ഞ് ബഹളമുണ്ടാക്കുകുന്നത് പതിവാണെന്നും കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കാറില്ലെന്നും പൂയപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ബിജുവിനെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.