ശാസ്താംകോട്ട : പതിനൊന്നുവയസ്സുകാരനെ കമ്പിവടികൊണ്ട് തലയ്ക്കടിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാലന്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറുതുന്നലുകള്‍ ഇടേണ്ടിവന്നു. മൈനാഗപ്പള്ളി ഇടവനശ്ശേരി ഇളയപ്പക്കുറ്റിയില്‍ റഷീദാ(42)ണ് അറസ്റ്റിലായത്. മദ്യപാനിയായ ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നത് പതിവാണെന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു.

രണ്ടിന് വൈകീട്ട് ആറോടെ മദ്യപിച്ചെത്തിയ റഷീദ് ഭാര്യയെ മര്‍ദിച്ചു. സഹിക്കെട്ട മകന്‍ അല്‍ത്താഫ് പിന്തിരിപ്പിക്കാന്‍ ഇടയ്ക്കുകയറി. റഷീദ് മകനെ തള്ളി താഴെയിട്ട് കമ്പിവടികൊണ്ട് ആക്രമിച്ചു. തല അടിച്ചുപൊട്ടിച്ചു. . മാതാവ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ശാസ്താംകോട്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അവശനായ കുട്ടിയെ ബന്ധുക്കളും അയല്‍ക്കാരുംചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ റഷീദിനെ റിമാന്‍ഡ് ചെയ്തു. മര്‍ദനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ താക്കീതുനല്‍കിയിരുന്നതായും പോലീസ് അറിയിച്ചു.

ബിസിനസ് പങ്കാളിയായ സുഹൃത്തിനെ മര്‍ദിച്ച കേസില്‍ യുവാവ് പിടിയില്‍

കൊല്ലം : ബിസിനസ് പങ്കാളിയായ സുഹൃത്തിനെ മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പോലീസ് പിടികൂടി. മുണ്ടയ്ക്കല്‍ നേതാജി നഗര്‍-57, പുതുവല്‍ പുരയിടം സോണിയ ഭവനില്‍ വിനോദ് (36) ആണ് അറസ്റ്റിലായത്.

വിനോദിന്റെ സുഹൃത്തായിരുന്ന ഇരവിപുരം പനമൂട് ബല്‍റാം കമ്പനി പുരയിടത്തില്‍ തോമസ് വില്ലയില്‍ ജോസ് പ്രകാശ് (48) ആണ് അക്രമത്തിനിരയായത്. ജൂലായ് 21-ന് ആറിന് മുണ്ടയ്ക്കല്‍ വെടിക്കുന്നില്‍വെച്ച് ജോസ് പ്രകാശിനെ വിനോദ് കമ്പുകൊണ്ടും ഇഷ്ടികകൊണ്ടും ആക്രമിച്ചെന്നാണ് കേസ്.

ജോസ് പ്രകാശിന്റെ ഇടതു കൈമുട്ടിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായിരുന്നു. വീടു നിര്‍മിക്കുന്നതിന് പ്രതി ആവശ്യപ്പെട്ട പണം നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.ഐ.മാരായ രജീഷ്, രതീഷ്, എസ്.സി.പി.ഒ.മാരായ സുനില്‍, പ്രജീഷ്, സി.പി.ഒ. രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു

വാര്‍ഡ് മെമ്പറെ ആക്രമിച്ചയാള്‍ പോലീസ് പിടിയില്‍

ഇളമാട്: കുടുംബവഴക്ക് പരിഹരിക്കാനെത്തിയ ഇളമാട് കോട്ടയ്ക്കാവിള വാര്‍ഡ് മെമ്പര്‍ ലേവി മനോജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ ഷാജുവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.