കോവളം: മദ്യലഹരിയിലെത്തിയ അച്ഛൻ മകന്റെ കാലിലേക്കു പാചകവാതക സിലിൻഡറെടുത്തെറിഞ്ഞു. കുട്ടിയുടെ ഇടതുകാലിലെ തള്ളവിരൽ ഒടിഞ്ഞു. വിഴിഞ്ഞം തെരുവ് പുത്തൻവീട്ടിൽ ഏഴുവയസ്സുകാരനായ അഭിറാമിനാണ് സിലിൻഡർ വീണ്‌ പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് വിഴിഞ്ഞം പോലീസ് കുട്ടിയുടെ അച്ഛൻ അനിൽകുമാറിനെ(43) അറസ്റ്റുചെയ്തു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ ഇയാൾ വീട്ടിൽ അക്രമം കാണിക്കുകയും തുടർന്ന് സിലിൻഡറെടുത്ത് കുട്ടിയുടെ നേർക്ക് എറിയുകയുമായിരുന്നു. വേദനകൊണ്ടു പുളഞ്ഞ കുട്ടിയെ അമ്മ സന്ധ്യ ആദ്യം വിഴിഞ്ഞം കമ്യൂണിറ്റി സെന്ററിലെത്തിച്ചു. കാലിലെ തള്ളവിരൽ ഒടിഞ്ഞതിനാൽ കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റാൻ നിർദേശിച്ചു.

കുട്ടിയുടെ അമ്മ വിഴിഞ്ഞം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് അച്ഛൻ അനിൽകുമാറിനെ അറസ്റ്റുചെയ്തു. കുട്ടിയെ സംരക്ഷിക്കുന്നതിനു പകരം ഉപദ്രവിച്ചതിന്റെ പേരിൽ ഇയാൾക്കെതിേര വിഴിഞ്ഞം പോലീസ് ജുവനൈൽ ജസ്റ്റിസ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ. എസ്.ബി.പ്രവീൺ, എസ്.ഐ.മാരായ സജി എസ്.എസ്., രഞ്ചിത്ത്, അലോഷ്യസ്, സി.പി.ഒ.മാരായ സജീവ്, നിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Content highlight: Father arrested for attack son with gas cylinder