പുതുനഗരം(പാലക്കാട്): അച്ഛനെയും മകനെയും വിഷം അകത്തുചെന്ന് മരിച്ചനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. തേങ്കുറിശ്ശി തിരുവെമ്പല്ലൂര്‍ എളയേടത്തുവീട്ടില്‍ സുന്ദരന്‍ (84), മകന്‍ ഇന്ദുജോഷ് (50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴോടെ സുന്ദരന്‍ കിടപ്പുമുറിയിലും ഇന്ദുജോഷ് ഹാളിലും മരിച്ചുകിടക്കുന്നത് ഇന്ദു ജോഷിന്റെ ഭാര്യ പ്രീതയാണ് കണ്ടത്.

പ്രീത മറ്റൊരു മുറിയിലാണ് രാത്രി കിടന്നിരുന്നത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സുന്ദരന്റെയും ഇന്ദു ജോഷിന്റെയും മുറികളില്‍നിന്ന് വിഷത്തിന്റെതെന്ന് സംശയിക്കുന്ന കുപ്പിയും മദ്യക്കുപ്പിയും ഗ്ലാസും കണ്ടെടുത്തു. മദ്യത്തില്‍ കലര്‍ത്തി വിഷം കഴിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഫലം നെഗറ്റീവാണെന്ന് വൈകീട്ട് വിവരംലഭിച്ചു.ചൊവ്വാഴ്ച പോലീസ് പരിശോധനയും തുടര്‍ന്ന്, പോസ്റ്റ്‌മോര്‍ട്ടവും നടത്തും.

കുഴല്‍മന്ദം കളപ്പെട്ടി സ്വദേശികളായ സുന്ദരനും കുടുംബവും എട്ടുവര്‍ഷമായി വെമ്പല്ലൂരില്‍ താമസിക്കുകയാണെങ്കിലും അയല്‍ക്കാരുമായി അടുപ്പമുണ്ടായിരുന്നില്ല. പുതുനഗരം സി.ഐ. എ. ആദംഖാന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച സുന്ദരന്റെ ഭാര്യ: പരേതയായ രത്‌നശിരോമണി. മകള്‍: ഇന്ദുപ്രിയ. മരുമകന്‍: സുനില്‍കുമാര്‍. ഇന്ദു ജോഷിന്റെ ഭാര്യ പ്രീത. മകള്‍: ആരാധ്യ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: father and son found dead at home in puthunagaram palakkad