കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവുമായി അച്ഛനും മകനും പിടിയില്‍. കാഞ്ഞിരക്കാട് കളപ്പുരക്കുടിയില്‍ അഷറഫ് (66), മകന്‍ അനസ്(40) എന്നിവരാണ് അറസ്റ്റിലായത്. 

റൂറല്‍ ജില്ലയിലെ കഞ്ചാവ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവനായ എസ്.പി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരക്കാട്ടെ വീട്ടില്‍ റെയ്ഡ് നടന്നത്. ഇവിടെ നിന്ന് അരക്കിലോയോളം കഞ്ചാവും കഞ്ചാവ് കടത്തിനുപയോഗിക്കുന്ന വാഹനവും പിടികൂടിയിട്ടുണ്ട്. 

പിടികൂടിയ കാറില്‍ കഞ്ചാവ് കടത്തുന്നതിന് പ്രത്യേക അറകള്‍ ഉണ്ടായിരുന്നു. കഞ്ചാവ് പൊതിയുന്ന പ്രത്യേക പേപ്പര്‍, തൂക്കുന്ന ത്രാസ്, 68000 രൂപ എന്നിവയും കണ്ടെടുത്തു.

ജില്ലയിലെ ചെറുകിട കഞ്ചാവ് വ്യാപാരികളാണ് ഇവര്‍. ചെറിയ പൊതികളിലാക്കിയാണ് വില്‍പ്പന. അതിഥി തൊഴിലാളികളും യുവാക്കളുമാണ് ഇവരില്‍ നിന്ന് കഞ്ചാവ് കൂടുതലായും വാങ്ങുന്നത്.

അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു. നവംബറില്‍ 150 കിലോഗ്രാം കഞ്ചാവാണ് റൂറല്‍ ജില്ലയില്‍ നിന്നും പോലിസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയടക്കം പത്തോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ.അശ്വകുമാര്‍, സി.ഐ. എം സുരേന്ദ്രന്‍, റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീം, തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlight:  father and son arrested with ganja