ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗംചെയ്ത കേസിൽ പ്രതികളായ അച്ഛനെയും സഹോദരനെയും തെളിവില്ലെന്ന് വ്യക്തമാക്കി ഡൽഹി കോടതി വെറുതെവിട്ടു. കുടുംബാംഗങ്ങൾക്ക് ഒപ്പംകഴിയുന്ന പെൺകുട്ടിയെ അച്ഛനും സഹോദരനും ബലാത്സംഗം ചെയ്തെന്നത് അവിശ്വസനീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.
അച്ഛനും സഹോദരനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം ഒറ്റമുറി വീട്ടിൽ കഴിയുന്ന തന്നെ ഇരുവരും ചേർന്ന് മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. 2015-ൽ സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസ്സായിരുന്നു. ‘‘പെൺകുട്ടിയുടെ പത്തോളം കുടുംബാംഗങ്ങളും കുറ്റാരോപിതരും ഒരുമിച്ചാണ് ഉറങ്ങുന്നത്. അതിനാൽ, മറ്റുള്ളവരുടെ മുമ്പിൽവെച്ച് ബലാത്സംഗം ചെയ്തെന്നത് വിശ്വസിക്കാനാവില്ല. പീഡനവിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ വാദം.
എന്നാൽ, യഥാർഥത്തിൽ പീഡനം നടന്നിട്ടുണ്ടെങ്കിൽ കുടുംബം നടത്തുന്ന കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ മുഖേന വിവരം പുറത്തറിയിക്കാൻ പെൺകുട്ടിക്ക് അവസരമുണ്ടായിരുന്നു’’ -കോടതി നിരീക്ഷിച്ചു. സംഭവം നടന്ന സമയത്തെക്കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് പെൺകുട്ടി നൽകുന്നതെന്നും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവിൽ അഡീഷണൽ സെഷൻസ് ജഡ്ജി ഉമേഷ് സിങ് ഗ്രേവാൾ പറഞ്ഞു.
Content Highlights: father and brother acquitted by court in rape case