കൊച്ചി: രാത്രി ബൈക്കിൽ പിന്തുടർന്ന് അശ്ലീല കമന്റടിച്ചയാളെ വീഡിയോയിലൂടെ തുറന്നുകാട്ടിയതിന് പിന്നാലെ യുവതിക്ക് ഭീഷണി സന്ദേശങ്ങൾ. സിനിമ, മോഡലിങ് രംഗത്തെ സെലിബ്രറ്റി ഫാഷൻ സ്റ്റൈലിസ്റ്റായ അസാനിയ നസ്റിനാണ് ഇൻസ്റ്റഗ്രാമിൽ നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആലുവ ദേശം റോഡിൽവെച്ച് അസാനിയയെ ഒരാൾ ബൈക്കിൽ പിന്തുടർന്ന് അശ്ലീല കമന്റടിച്ചിരുന്നു. ഇയാളുടെ വീഡിയോ സഹിതം അൻസാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നിരവധി അക്കൗണ്ടുകളിൽ നിന്ന് പകരം ചോദിക്കുമെന്നും വീട്ടിലേക്ക് വന്ന് ഉപദ്രവിക്കുമെന്നും പറഞ്ഞുള്ള സന്ദേശങ്ങൾ ലഭിച്ചത്.

ജൂലായ് 13-ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അസാനിയയെ ഫുഡ് ഡെലിവറി ജീവനക്കാരനായ ഒരാൾ ബൈക്കിൽ പിന്തുടർന്നത്. ആ സംഭവത്തെക്കുറിച്ച് അസാനിയ മാതൃഭൂമി ഡോട്ട് കോമിനോട് വിവരിക്കുന്നത് ഇങ്ങനെ:-

''ദേശീയപാതയിൽനിന്ന് ഇടറോഡിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് ഇയാളെ ശ്രദ്ധിച്ചത്. കുറച്ചു ദൂരം ഇയാൾ ബൈക്കിൽ പിന്തുടർന്നു. അയാൾ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. മാത്രമല്ല, ചില ആംഗ്യങ്ങൾ കാണിക്കുന്നത് കണ്ണാടിയിലൂടെ കാണുകയും ചെയ്തു. ഫുഡ് ഡെലിവറി ജീവനക്കാരനായതിനാൽ ഏതെങ്കിലും വിലാസം ചോദിക്കാൻ ശ്രമിക്കുകയാണെന്നാണ് കരുതിയത്. അതിനാൽ താൻ വണ്ടിനിർത്തി അയാളോട് കാര്യംതിരക്കി. ഈ സമയത്താണ് അശ്ലീലമായി സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തത്. രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതോടെ അയാൾ ബൈക്കിൽ കടന്നു. അയാളെ പിന്തുടർന്ന് മൊബൈലിൽ വീഡിയോ പകർത്തി. എന്നാൽ വീഡിയോ പകർത്തുന്നത് മനസിലായതോടെ പിന്നീട് അയാൾ മുഖം മറച്ച് ബൈക്കിൽ കടന്നുകളഞ്ഞു. ഒരു കിലോ മീറ്ററോളം പിന്തുടർന്ന് പോയെങ്കിലും അയാൾ രക്ഷപ്പെട്ടു.

അന്ന് ഞാൻ അങ്ങനെ ചെയ്തില്ലെങ്കിൽ അയാൾ വീണ്ടും പിറകെ വന്നേനെ, ഞാൻ സ്കൂട്ടർ നിർത്തി പ്രതികരിച്ചതോടെയാണ് അയാൾ ഭയന്നത്. അന്ന് രാത്രി തന്നെ കാര്യങ്ങൾ വിശദീകരിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്തു. പിറ്റേദിവസം തന്നെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്വിഗ്ഗിയിൽനിന്നും പിന്തുണ ലഭിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സ്വിഗ്ഗി അധികൃതർ ബന്ധപ്പെട്ടു. ജീവനക്കാരനെതിരേ കർശന നടപടി സ്വീകരിക്കാമെന്നും അവർ ഉറപ്പുനൽകി.

പ്രതി വിവാഹിതനും ഒരു പെൺകുട്ടിയടക്കം രണ്ട് കുട്ടികളുമുണ്ടെന്നാണ് അറിഞ്ഞത്. അയാളെ പിടികൂടിയാൽ നേരിട്ട് കാണണമെന്ന് പോലീസ് സ്റ്റേഷനിൽ പറഞ്ഞിട്ടുണ്ട്. അയാളെ പിടികൂടിയാൽ പോലീസ് വിളിപ്പിക്കും. അയാളെ നേരിട്ട് കണ്ട് സംസാരിക്കണം. ഒരു പെൺകുട്ടിക്ക് നേരെയും ഇനി ഇങ്ങനെ പെരുമാറരുത്- അസാനിയ പറഞ്ഞു.

Content Highlights:fashion stylist asaniya nazrin describes about sexual and vulgar comment by a food delivery boy on road