കാക്കനാട്(കൊച്ചി):  ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ലോഡ്ജ് നടത്തിപ്പുകാരിക്കെതിരേയും പോലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീനയ്‌ക്കെതിരേയാണ് കേസ്. ഇവരുടെ ഒത്താശയോടെയാണ് ലോഡ്ജില്‍ പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു.

ക്രിസ്റ്റീനയുള്‍പ്പടെ മൂന്നു പ്രതികള്‍ ഒളിവിലാണ്. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍ തുടങ്ങിയവരാണ് പിടിയിലാകാനുള്ളത്. രണ്ടാം പ്രതി ആലപ്പുഴ സ്വദേശി സലിംകുമാറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറയിലുള്ള ലോഡ്ജില്‍ ഇന്‍ഫോപാര്‍ക്ക് സി.ഐ ടി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. ഇവര്‍ താമസിച്ചിരുന്ന മുറികള്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു.

27 വയസ്സുള്ള മലപ്പുറം സ്വദേശിനിയെയാണ് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തത്. യുവതി വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നും പോലീസ് പറഞ്ഞു. ഇന്‍ഫോപാര്‍ക്കിന് സമീപം വാടകക്കെട്ടിടത്തില്‍ ക്രിസ്റ്റീന നടത്തിയിരുന്ന ലോഡ്ജിലാണ് ബലാത്സംഗം നടന്നത്.

28-ന് മലപ്പുറത്ത് നിന്ന് ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയോട് ഫോട്ടോഗ്രാഫര്‍ ചില അസൗകര്യങ്ങളറിയിക്കുകയും സലിംകുമാറിനെ പരിചയപ്പെടുത്തുകയുമായിരുന്നു. സലിംകുമാറാണ് ലോഡ്ജില്‍ താമസമൊരുക്കിയത്. പിന്നീട് നടത്തിപ്പുകാരിയുടെ ഒത്താശയോടെ അജ്മല്‍, ഷമീര്‍, സലീംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി.

അന്വേഷണം അസിസ്റ്റന്റ് കമ്മിഷണര്‍ ഏറ്റെടുത്തു

കാക്കനാട്: കൂട്ടബലാത്സംഗ കേസിന്റെ തുടര്‍ അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.വി. ബേബി ഏറ്റെടുത്തു. ഒളിവില്‍പ്പോയ ലോഡ്ജ് നടത്തിപ്പുകാരി ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. ലോഡ്ജിലെ 303 -ാംനമ്പര്‍ മുറിയും അറസ്റ്റിലായ സലീംകുമാര്‍ തമസിച്ച 304-ാംനമ്പര്‍ മുറിയും പോലീസ് സീല്‍ചെയ്തു. മജിസ്‌ട്രേറ്റ് യുവതിയുടെ രഹസ്യമൊഴിയെടുത്തു. പരാതിക്കാരി പല ചോദ്യങ്ങളോടും കൃത്യമായി പ്രതികരിക്കുന്നില്ലെന്നും പലതവണ ഇറങ്ങിപ്പോയെന്നും അന്വേഷണ സംഘം പറഞ്ഞു.

പ്രതികള്‍ക്കെതിരേ ബലാത്സംഗം, ദേഹോപദ്രവം, അന്യായമായി തടങ്കലില്‍വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഐ.ടി. നിയമപ്രകാരവും കേസുണ്ട്. ഇവര്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്.