ചെറുവത്തൂർ: ഫാഷൻ ഗോൾഡ് ജൂവലറിയുടെ മറവിൽ ഒട്ടേറെപ്പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത് ആസൂത്രിത വഞ്ചനയാണെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ക്രൈംബ്രാഞ്ച് ഐ.ജി. യോഗേഷ് അഗർവാളിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന അന്വേഷണസംഘത്തിന്റെ യോഗത്തിലാണ് വഞ്ചന ലക്ഷ്യംവെച്ചാണ് നിക്ഷേപം സ്വീകരിച്ചതെന്ന് വിലയിരുത്തിയത്. ഇങ്ങനെ നിക്ഷേപം സ്വീകരിച്ചത് 2003-ൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ജാമ്യമില്ലാ കുറ്റമാണ്.

പൊതുജനങ്ങളിൽനിന്ന് പണം സ്വീകരിക്കാൻ കമ്പനികൾക്ക് അധികാരമില്ല. എന്നാൽ ഡയറക്ടർമാർക്ക് പണം നിക്ഷേപിക്കാമെന്നും ഇതിൽ തെറ്റില്ലെന്നും ഉത്തരവിലുണ്ട്. ഇടപാടുകൾ ഇതിന് വിരുദ്ധമായിട്ടാണെന്നാണ് കണ്ടെത്തൽ. എം.സി.ഖമറുദ്ദീൻ എം.എൽ.എ. ചെയർമാനും ടി.കെ.പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായ ഫാഷൻ ഗോൾഡ് ജൂവലറിയിലേക്ക് നിക്ഷേപം വാങ്ങി വഞ്ചിച്ചതായി 83 പേരുടെ പരാതിയിലാണ് നിലവിൽ കേസുള്ളത്. ഇതോടെ ഡയറക്ടർമാരെയും കേസിൽ പ്രതിചേർക്കും. വരും ദിവസങ്ങളിൽ ഇവരെ ചോദ്യംചെയ്യും.

അന്വേഷണസംഘം വിപുലീകരിച്ച് വകുപ്പ് തിരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. കാസർകോട് എസ്.പി. ഡി.ശില്പ, എസ്.പി. വിവേക് കുമാർ, ഐ.ആർ. ബറ്റാലിയൻ കമാൻഡന്റ് നവനീത് ശർമ ഉൾപ്പെടെയുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നിയമസഭാസമിതിയും നിക്ഷേപത്തട്ടിപ്പിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Content Highlights:fashion gold fraud case