പ്രയാഗ്‌രാജ്:  ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ഭാര്യയും ഭര്‍ത്താവും 16 വയസ്സുള്ള മകളും 10 വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിന് മുന്‍പ് ലൈംഗിക പീഡനത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചു.

ദളിത് വിഭാഗത്തില്‍പ്പെടുന്ന കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ അയല്‍വാസികളായ ഉന്നത ജാതിക്കാരാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രദേശവാസികളായ 11 പേര്‍ക്കെതിരെ പോലീസ് കൊലപാതകം, ബലാത്സംഘം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലും മറ്റുള്ളവരുടേത് മുറ്റത്തുമായാണ് കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ മഴുപോലുള്ള മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉള്ളതായി പോലീസ് വെളിപ്പെടുത്തി. 

കൊല്ലപ്പെട്ട കുടുംബവും അയല്‍വാസികളും തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നതായും കഴിഞ്ഞ സെപ്തംബര്‍ മാസം അയല്‍വാസികള്‍ ഇവരെ മര്‍ദിച്ചിരുന്നതായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് പ്രവര്‍ത്തിച്ചത് ഉന്നതജാതിക്കാര്‍ക്ക് അനുകൂലമായാണെന്നും ഇവര്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വൈകിട്ട് സംഭവസ്ഥലം സന്ദര്‍ശിക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പ്രിയങ്ക കാണും. 

Content Highlights: Family Of 4 Murdered In UP's Prayagraj, Teen Was Allegedly Gang-Raped