സൂറത്ത്: ദുര്‍മന്ത്രവാദത്തിനിടെ ഭാര്യയും മക്കളും മരുമകളും ചേര്‍ന്ന് 50കാരനെ ചവിട്ടികൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ സംഭവം. കട്ടാര്‍ഗാം സ്വദേശി കഞ്ചികുംഭാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും നാല് മക്കളെയും മരുമകളെയും പോലീസ് അറസ്റ്റ് ചെയ്തു. 

പിതാവിന്റെ ദേഹത്ത് ദുഷ്ടശക്തികളുണ്ടെന്നും ഇതൊഴിഞ്ഞുപോകാന്‍ നെഞ്ചില്‍കയറി ചവിട്ടിയെന്നുമാണ് മക്കളുടെ മൊഴി. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു ദുര്‍മന്ത്രവാദം നടത്തിയത്. പിതാവിന്റെ നെഞ്ചില്‍ കയറി ചവിട്ടിയാല്‍ ദുഷ്ടശക്തി ശരീരത്തില്‍നിന്ന് പോകുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ഇതനുസരിച്ച് പിതാവിനെ ആദ്യം മയക്കുഗുളിക കലര്‍ത്തി തറയില്‍ കിടത്തി. ശേഷം നാല് മക്കളും മരുമകളും നെഞ്ചില്‍ ചവിട്ടുകയും ശരീരത്തില്‍ കയറിനിന്ന് ചാടുകയും ചെയ്തു. ഇതിനിടെ ശ്വാസകോശത്തിന് മാരകമായി പരിക്കേറ്റ കഞ്ചികുംഭാര്‍ മരണപ്പെട്ടു.

50കാരന്റെ മരണശേഷം സംഭവം രഹസ്യമാക്കിയ കുടുംബം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മൃതദേഹം കണ്ടെടുത്ത പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുകയും തൊട്ടുപിന്നാലെ പ്രതികളെ പിടികൂടുകയും ചെയ്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍ ആദ്യം കുറ്റംസമ്മതിക്കാതിരുന്ന പ്രതികള്‍ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് എല്ലാവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

Content Highlights: family members killed 50 year old man during blackmagic performance in gujarat