ബെംഗളൂരു: കള്ളക്കേസില്‍ കുടുക്കാനായി യുവാവിനെ നിര്‍ബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ബെംഗളൂരു ആര്‍.എം.സി. യാര്‍ഡ് പോലീസ് സ്‌റ്റേഷനിലെ വനിത പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.പാര്‍വതാമ്മ, സബ് ഇന്‍സ്‌പെക്ടര്‍ അഞ്ജിനപ്പ, കോണ്‍സ്റ്റബിള്‍ ഉമേഷ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ ധര്‍മേന്ദര്‍ കുമാര്‍ മീണ സംഭവത്തില്‍ അന്വേഷണം നടത്തി പോലീസ് കമ്മീഷണര്‍ കമാല്‍ പന്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയത്. 

തട്ടുകട നടത്തുന്ന യുവാവിനെ പാര്‍വാതാമ്മയും മറ്റു പോലീസുകാരും ചേര്‍ന്ന് കഞ്ചാവ് വലിപ്പിച്ചെന്നാണ് പരാതി. യുവാവിനെ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെടുത്താനായിരുന്നു ഈ നീക്കം. ഇതിലൂടെ ലഹരിമരുന്ന് വേട്ട നടത്തുന്നവരെന്ന പേര് സമ്പാദിക്കാനായിരുന്നു പോലീസുകാര്‍ ലക്ഷ്യമിട്ടതെന്നും ഡെപ്യൂട്ടി കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജൂലായ് 14-ന് രാത്രിയിലാണ് പാര്‍വതാമ്മ അടങ്ങുന്ന പോലീസ് സംഘം റോഡരികില്‍ നില്‍ക്കുകയായിരുന്ന രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവരിലൊരാള്‍ പോലീസ് വരുമ്പോള്‍ സിഗരറ്റ് വലിച്ചിരുന്നു. പോലീസിനെ കണ്ടതോടെ യുവാവ് സിഗരറ്റ് വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ യുവാവ് വലിച്ചെറിഞ്ഞത് കഞ്ചാവ് നിറച്ച സിഗരറ്റാണെന്നായിരുന്നു പോലീസുകാര്‍ കരുതിയത്. തുടര്‍ന്ന് യുവാവിനെ ആര്‍.എം.സി. യാര്‍ഡ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവ് കഞ്ചാവ് വലിച്ചിട്ടില്ലെന്ന് ബോധ്യമായതോടെ നിര്‍ബന്ധിച്ച് കഞ്ചാവ് വലിപ്പിക്കാനായിരുന്നു പോലീസുകാരുടെ ശ്രമം. തുടര്‍ന്ന് കഞ്ചാവ് നിറച്ച സിഗരറ്റ് നല്‍കി യുവാവിനോട് വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആദ്യം യുവാവ് ഇതിന് വിസമ്മതിച്ചെങ്കിലും വലിച്ചുകഴിഞ്ഞാല്‍ വെറുതെ വിടുമെന്ന് പറഞ്ഞതോടെ സിഗരറ്റ് വലിക്കുകയായിരുന്നു. കഞ്ചാവ് നിറച്ച സിഗരറ്റ് വലിച്ചതിന് പിന്നാലെ പോലീസ് സംഘം നേരേ ആശുപത്രിയിലേക്കാണ് പോയത്. സ്വാഭാവികമായും വൈദ്യപരിശോധനയില്‍ യുവാവ് കഞ്ചാവ് ഉപയോഗിച്ചതായി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവാവിനെ കഞ്ചാവ് ഉപയോഗിച്ചെന്ന കേസില്‍ പ്രതിയാക്കിയത്. 

കേസില്‍ പിന്നീട് ജാമ്യം ലഭിച്ച യുവാവ് ജൂലായ് 17-ന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെയാണ് പോലീസുകാര്‍ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ച കാര്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് വകുപ്പുതലത്തില്‍ അന്വേഷണത്തില്‍ നടത്തുകയും പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു. 

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഡി.സി.പി. നടത്തിയ ചോദ്യംചെയ്യല്‍ എസ്.ഐ. അഞ്ജിനപ്പ റെക്കോര്‍ഡ് ചെയ്‌തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഏകദേശം 25 മിനിറ്റോളമാണ് ഡി.സി.പി. ധര്‍മേന്ദര്‍ കുമാര്‍ മീണ എസ്.ഐ. അഞ്ജനിപ്പയെ ചോദ്യംചെയ്തത്. ഈ സമയം അഞ്ജനിപ്പ പാന്റ്‌സിന്റെ പോക്കറ്റില്‍ ഇടയ്ക്കിടെ പരതുന്നതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് പോലീസ് സംഘം പരിശോധിച്ചതോടെ എസ്.ഐ.യുടെ മൊബൈല്‍ ഫോണില്‍ വോയിസ് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തിരുന്നതായും ചോദ്യംചെയ്യലിന്റെ 14 മിനിറ്റോളം ഇതില്‍ റെക്കോര്‍ഡ് ചെയ്തതായും കണ്ടെത്തുകയായിരുന്നു. 

Content Highlights: false ganja case in bengaluru three cops suspended