കാഞ്ഞങ്ങാട്: വ്യാജ യു.എ.ഇ. ദിര്‍ഹം നല്‍കി അഞ്ചുലക്ഷം രൂപ തട്ടിയ കേസില്‍ ചന്തേര പോലീസ് അറസ്റ്റുചെയ്ത ഫാറൂഖ് ഷെയ്ഖ്(42) ബംഗ്ലാദേശ് പൗരനാണെന്ന് പോലീസ്. എന്നാല്‍ ഇയാള്‍ക്ക് ഝാര്‍ഖണ്ഡ് വിലാസത്തില്‍ ആധാര്‍കാര്‍ഡുണ്ട്. ഇതെങ്ങനെ സമ്പാദിച്ചുവെന്ന് അന്വേഷിക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനിടെ പണം തട്ടിയ സംഭവത്തില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് അഹമ്മദാബാദിലെ ഭവാനി നഗര്‍ സ്വദേശി ജുവല്‍ അലി (ഡോളന്‍ ഷിക്തര്‍-28) ആണ് അറസ്റ്റിലായത്.

തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനാണിയാളെന്ന് പോലീസ് പറഞ്ഞു. തട്ടിയെടുത്ത അഞ്ചുലക്ഷത്തില്‍ മൂന്നുലക്ഷം രൂപ ബാങ്കുവഴി നാട്ടിലേക്കയച്ചു. ഇവരുടെ കൈയില്‍നിന്ന് 15,000 രൂപയും രണ്ട് ദിര്‍ഹവും കിട്ടിയതായും പോലീസ് പറഞ്ഞു. ഇനി ഒരാളെക്കൂടി പിടിക്കാനുണ്ട്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

മടക്കരയിലെ ദമ്പതിമാരില്‍നിന്നാണ് സംഘം പണം തട്ടിയത്. മൂന്നുവര്‍ഷം മുമ്പ് കണ്ണൂരിലെ ലോഡ്ജ് മുറി റെയ്ഡ് ചെയ്ത പോലീസ് നാല് വിദേശപൗരന്മാരെ വിസയില്ലാത്തതിനാല്‍ അറസ്റ്റുചെയ്തിരുന്നു. സംഘത്തില്‍നിന്ന് അഞ്ച് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു. ഇതില്‍ അഞ്ചാമത്തെയാള്‍ ഫാറൂഖ് ഷെയ്ഖാണെന്ന് വ്യക്തമായതായി ഡിവൈ.എസ്.പി. പറഞ്ഞു. അന്ന് ഇയാള്‍ക്ക് ആധാര്‍ കാര്‍ഡുണ്ടായിരുന്നില്ല. പിന്നീട് ഝാര്‍ഖണ്ഡില്‍ പോയി ഇതു സമ്പാദിക്കുകയായിരുന്നു.

പയ്യന്നൂര്‍ തായിനേരിയിലാണ് ഇയാള്‍ താമസിക്കുന്നത്. വ്യാജ വിദേശ കറന്‍സി നല്‍കി പണം തട്ടിയ സംഭവം ഇതിനു മുമ്പും നടന്നിട്ടുണ്ടെന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായി. കൂത്തുപറമ്പ്, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലും ഇവര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായവര്‍ മാനക്കേടുണ്ടാകുമെന്ന് കരുതി പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ഇവരെ കണ്ടെത്തി അന്വേഷണം ശക്തിപ്പെടുത്തുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു. ഫാറൂഖ് ഷെയ്ഖിനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.