അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലുള്ള വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതിന് ഗുജറാത്തില്‍ നാല് പേരെ പോലീസ് പിടികൂടി. അഹമ്മദാബാദില്‍നിന്നാണ് ഗുജറാത്ത് പോലീസ് ഇവരെ പിടികൂടിയതെന്ന് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞദിവസം മുതലാണ് അമിത് ഷായ്ക്ക് കാന്‍സറാണെന്ന വ്യാജ ട്വീറ്റും അതിന്റെ സ്‌ക്രീന്‍ഷോട്ടുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടില്‍നിന്നുള്ള ട്വീറ്റെന്ന വ്യാജേനയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലും ഇത് വ്യാപകമായി പ്രചരിച്ചത്. 

തനിക്ക് കാന്‍സറാണെന്നും മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ അടക്കം തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്. തുടര്‍ന്ന് ട്വിറ്ററില്‍ അമിത് ഷാ കാന്‍സര്‍ എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടുകയും ചെയ്തു. എന്നാല്‍ വ്യാജ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെ ശനിയാഴ്ച അമിത് ഷാ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 

Content Highlights: fake tweet circulated in the name of amit shah, four detained in gujarart