ഉപ്പള(കാസര്‍കോട്): കോവിഡ് മൂന്നുദിവസംകൊണ്ട് ഭേദമാക്കാമെന്ന് പറഞ്ഞ് വ്യാജചികിത്സ നടത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി വിനീത് പ്രസാദിനെ (30) ആണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 

ഉപ്പളയിലും പരിസരപ്രദേശങ്ങളിലും അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ചായിരുന്നു വ്യാജചികിത്സ നടത്തിയത്. ഉപ്പള മണിമുണ്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യവകുപ്പധികൃതര്‍ മഞ്ചേശ്വരം പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.