കൊച്ചി: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച രണ്ടുപേരെ ഹരിയാണയില്‍നിന്ന് കൊച്ചി സിറ്റി പോലീസ് പിടികൂടി. ഹരിയാണ ഗുഡ്ഗാവ് സ്വദേശികളായ ഖാലിദ് എന്ന നിതിന്‍ ശര്‍മ (30), ഹക്കം (42) എന്നിവരെയാണ് പിടികൂടിയത്. പ്രതികളെ തേടി എറണാകുളം നോര്‍ത്ത് എസ്.ഐ. വി.ബി. അനസ്, എ.എസ്.ഐ. വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം ഹരിയാണയിലേക്ക് പുറപ്പെട്ടിരുന്നു. ഹരിയാണ പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്.

ഇവരെ ബുധനാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ വിവിധയിടങ്ങളിലായി ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു കൊച്ചി സിറ്റി പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.

Content Highlights: fake threat message two arrested from haryana