മൂവാറ്റുപുഴ: പ്രമുഖ ആശുപത്രികളുടേതടക്കം കള്ള സീലും ലെറ്റർപാഡും നിർമിച്ച് കോവിഡില്ലെന്ന് വ്യാജ ആർ.ടി.പി.സി.ആർ. ഫലം തയ്യാറാക്കി നൽകുന്ന സ്ഥാപനം മൂവാറ്റുപുഴ പോലീസ് കണ്ടെത്തി. സ്ഥാപന നടത്തിപ്പുകാരനായ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഇസ്ലാംപുർ സ്വദേശി സജിത് മണ്ഡലി (30) നെ അറസ്റ്റ് ചെയ്തു.

മൂവാറ്റുപുഴ ടൗണിൽ കീച്ചേരിപ്പടി യൂക്കോ ബാങ്കിനു സമീപം രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന വൺ സ്റ്റോപ്പ് ഷോപ്പ് എന്ന സ്ഥാപനത്തിൽനിന്നാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കാനുപയോഗിച്ചിരുന്ന അഞ്ച് ലാപ്ടോപ്പടക്കം നിരവധി രേഖകളും വ്യാജ സർട്ടിഫിക്കറ്റകളും പിടിച്ചെടുത്തത്. മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്താദ്യമായി വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർമാണം പിടികൂടുന്നത്. നോട്ടെണ്ണുന്ന യന്ത്രവും ആധാർ അടക്കം നിരവധിപ്പേരുടെ തിരിച്ചറിയൽ രേഖകളും ഇവിടെ നിന്നു കണ്ടെത്തി.

സജിത് മണ്ഡൽ പത്ത് വർഷമായി മൂവാറ്റുപുഴയിൽ കുടുംബസമേതം താമസിക്കുന്നയാളാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ രേഖകൾ തയ്യാറാക്കി നൽകിയിരുന്ന ഇയാൾ പണമിടപാടും നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൂവാറ്റുപുഴ സബൈൻ ആശുപത്രിയുടെ വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഒരാഴ്ചയായി പോലീസ് ഈ കേന്ദ്രം നിരീക്ഷിച്ചു വരികയായിരുന്നു. കൃത്യമായ വിവരങ്ങൾ ലഭിച്ചതോടെ ബുധനാഴ്ച ഉച്ചയോടെ സ്ഥാപനം റെയ്‌ഡ് ചെയ്തു.

കോവിഡ് പണമാക്കി മാറ്റിയ വ്യാജൻ

കോവിഡ് വന്നതോടെ സജിത് മണ്ഡൽ വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്ന കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. അയൽ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട തൊഴിലാളികളിൽ നിന്ന് പണം വാങ്ങി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിത്തുടങ്ങി. ഇതിനായി മുന്തിയ കടലാസുകളും വ്യാജ സീലുകളുമാണ് ഉപയോഗിച്ചിരുന്നത്. കോട്ടയത്തെ പ്രമുഖ ലാബിന്റെ സർട്ടിഫിക്കറ്റുകളും ഇതിലുണ്ട്. എറണാകുളത്തെ സ്ഥാപനങ്ങളുടെയും വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയിട്ടുണ്ട്. ബില്ലുകളിൽ നിന്നാണ് സർട്ടിഫിക്കറ്റിനുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നതെന്നാണ് കരുതുന്നത്.

നിരവധി ബിസിനസുകൾ, ഒപ്പം തട്ടിപ്പും

വ്യാജ ആർ.ടി.പി.സി.ആർ. ഫലം തയ്യാറാക്കി നൽകിയതിന് അറസ്റ്റിലായ സജിത് മണ്ഡൽ നിരവധി ബിസിനസുകൾ നടത്തിവന്നതായി പോലീസ് കണ്ടെത്തി. ചെറുകിട നിക്ഷേപം, മൈക്രോ ഫിനാൻസ്, തൊഴിലാളികൾക്ക്, ഇവിടെ പണംവാങ്ങി നാട്ടിൽ കൊടുക്കുന്ന ലോക്കൽ കുഴൽപ്പണ പരിപാടി എന്നിവ ഇയാൾ നടത്തിയിരുന്നു. യാത്രാരേഖകൾ തയ്യാറാക്കൽ, തിരിച്ചറിയൽ കാർഡുകൾ നൽകൽ തുടങ്ങിയവയും മണ്ഡൽ നടത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രധാന ആശ്രയം എന്ന നിലയിലേക്ക് ഇയാൾ വളർന്നിരുന്നു.

പണമിടപാട് വന്നതോടെ പലരുടെയും തിരിച്ചറിയൽ രേഖകൾ ഇയാളുടെ പക്കലായി. നോട്ട് എണ്ണുന്ന യന്ത്രമടക്കം ഇയാളുടെ സ്ഥാപനത്തിലുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകളും ഇയാൾ തയ്യാറാക്കി നല്കിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. പണമിടപാടുകളുടെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ആധാർ കാർഡുകളും പിടിച്ചെടുത്തു. കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്കുകളും പോലീസ് കസ്റ്റഡിയിലാണ്.

ക്രിമിനൽ റിക്രൂട്ട്മെന്റിലേക്കും അന്വേഷണം

എത്രകാലമായി ഇത് നടത്തിവരുന്നു, എത്രമാത്രം വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇയാളുടെ ഒത്താശയോടെ ക്രിമിനലുകളോ തീവ്രവാദികളോ എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കും. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ പറഞ്ഞു.

വ്യാജരേഖ നിർമാണം, രോഗം പടരാൻ സാഹചര്യമൊരുക്കൽ, കോവിഡ് നിയമങ്ങൾ ലംഘിക്കൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ പ്രതിക്കെതിരേയുണ്ട്.

അന്വേഷണ സംഘത്തിൽ എസ്.ഐ. മാരായ ശശികുമാർ വി.കെ., ഷക്കീർ എം.എ., എ.എസ്.ഐ ജോജി പി.എസ്., സീനിയർ സി.പി.ഒ അഗസ്റ്റിൻ ജോസഫ്, സി.പി.ഒ. മാരായ സനൂപ് പി.കെ., ബിബിൽ മോഹൻ, കുമാർ വി.പി., ജിൻസ് കുര്യാക്കോസ് എന്നിവരും ഉണ്ടായിരുന്നു.