ചെന്നൈ: സ്വന്തം മകളെ പീഡിപ്പിച്ചുവെന്ന് ഭർത്താവിനെതിരേ വ്യാജ പരാതി നൽകിയ യുവതിയ്‌ക്കെതിരേ കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള നിയമ (പോക്‌സോ) പ്രകാരം കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്.
ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന ചെന്നൈയിലുള്ള യുവതിയാണ് 11 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയത്. എന്നാൽ തന്നെ അച്ഛൻ പീഡിപ്പിച്ചിട്ടില്ലെന്ന് മകൾ കോടതി മുമ്പാകെ മൊഴി നൽകുകയായിരുന്നു.
മകളെ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നൽകിയ അമ്മ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേശ് ഇവർക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.
ഇവരുടെ പരാതിയെ തുടർന്ന് ഭർത്താവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത നടപടി കോടതി റദ്ദാക്കുകയും ചെയ്തു. കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച വ്യാജ ആരോപണമാണ് അമ്മ നടത്തിയത്. ഭർത്താവിനോടുള്ള പ്രതികാരം തീർക്കാൻ സ്വന്തം മകളുടെ ഭാവിയെക്കുറിച്ചു പോലും അമ്മ ചിന്തിച്ചില്ല. മകളെ ഉപയോഗിച്ച് നടത്തിയ അതിനിന്ദ്യമായ പ്രവൃത്തിയാണിതെന്നും കോടതി നിരീക്ഷിച്ചു.
പോക്‌സോ നിയമം എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുമെന്ന് തെളിയിക്കുന്ന സംഭവമാണിത്. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ നിയമം. ഇതുപ്രകാരം വിചാരണയ്ക്ക് വിധേയനാകുന്ന വ്യക്തി നേരിടുന്നത് ഗുരുതരമായ പ്രത്യാഘാതവും കഠിനമായ ശിക്ഷയുമാണ്. സമൂഹത്തിനു മുന്നിൽ ഈ വ്യക്തി ഒറ്റപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യും. തനിക്ക് പീഡനം നേരിടേണ്ടി വന്നിട്ടില്ലെന്ന് വ്യക്തമായി വിശദീകരിക്കാൻ മകൾക്ക് സാധിച്ചതിനാലാണ് ഈ കേസിൽ അച്ഛന് നീതി ലഭിച്ചതെന്നും അതിന് സാധിച്ചില്ലായിരുന്നുവെങ്കിൽ അയാൾ ചെയ്യാത്ത കുറ്റത്തിന് കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നുവെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് ചൂണ്ടിക്കാട്ടി.
Content Highlights: Fake rape complaint over husband by wife in chennai