ബെംഗളൂരു: ബിസിനസുകാരന്റെ വീട്ടിൽ വ്യാജറെയ്‌ഡ് നടത്തി ആറുലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യേഗസ്ഥനെയും സഹായിയെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു.

ഡി. ചന്നകേശവലു, സഹായി വീരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടൽ നടത്തിപ്പുകാരനായ ബെംഗളൂരു സ്വദേശിയിൽനിന്നാണ് ഇവർ പണം തട്ടിയത്.

ഹോട്ടലിന്റെ പേരിൽ ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ഉടമയുടെ വീട്ടിൽ റെയ്‌ഡ് നടത്തണമെന്നും ചന്നകേശവലു അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഇയാളും സഹായിയും രണ്ടുകോടിരൂപ നൽകിയാൽ കേസുകൾ ഒഴിവാക്കിത്തരാമെന്ന് അറിയിച്ചു.

എന്നാൽ ഇത്രയും തുക തന്റെ പക്കലില്ലെന്ന് അറിയിച്ച ബിസിനസുകാരൻ തത്‌കാലം ആറുലക്ഷം രൂപ നൽകി.

രണ്ടുദിവസത്തിനുശേഷം നഗരത്തിലെ ഒരു ഹോട്ടലിൽ ബാക്കിതുകകൂടി എത്തിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ ബിസിനസുകാരനെ ബന്ധപ്പെട്ടു. എന്നാൽ സംശയം തോന്നി സി.ബി.ഐ. ഉദ്യോഗസ്ഥർക്ക് വിവരം നൽകുകയായിരുന്നു.

തുടർന്ന് പണം വാങ്ങാൻ ചന്നകേശവലുവും സഹായിയും എത്തിയതോടെ സി.ബി.ഐ. ഉദ്യേഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.