കൊല്ലം: ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുവിദ്യാലയം നടത്തിയ ഓൺലൈൻ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് 'വ്യാജവിദ്യാർഥി' ഡാൻസ് ചെയ്തു. കൊല്ലത്തെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസിലെ ഓൺലൈൻ റൂമിലെ കമന്റ് ബോക്സിൽ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങ്ങുകൾ, ട്രോളുകൾ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസിൽ 48 കുട്ടികൾവരെയെത്തിയ അനുഭവവുമുണ്ടായി.

ക്ലാസിന്റെ ലിങ്കും പാസ്‌വേഡും ഉപയോഗിച്ച് കയറുന്ന വ്യാജന്മാരുടെ പ്രയോഗങ്ങൾ പരിധി വിട്ടതോടെ പ്രതികളെ പിടിക്കാനുള്ള ശ്രമത്തിലാണ് സൈബർ പോലീസ്. അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ബോധവത്‌കരണവും തുടങ്ങിയിട്ടുണ്ട്. ക്ലാസുകളുടെ ലിങ്കും പാസ്‌വേഡും കുട്ടികളിൽനിന്നുതന്നെയാണ് ചോരുന്നതെന്ന് പോലീസ് പറയുന്നു.

ഓൺലൈൻ വഴി പ്രവേശനം നേടിയ കുട്ടികളെ അധ്യാപകർക്ക് പരിചയമില്ലാത്തതിനാൽ വ്യാജന്മാരെ കണ്ടെത്താൻ പ്രയാസമാണ്. അച്ഛനമ്മമാരുടെ ഐ.ഡി. ഉപയോഗിച്ച് ക്ലാസിൽ കയറുന്നതുമൂലം പേരുകൾ കണ്ട് തിരിച്ചറിയാനും കഴിയുന്നില്ല. സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ക്ലാസുകൾ നടത്തുന്നതിനാൽ അന്വേഷണത്തിന് പരിമിതിയുണ്ടെന്ന് പോലീസ് പറയുന്നു. 'ഗൂഗിൾ ക്ലാസ്റൂമി'ന്റെ പ്ലാറ്റ്‌ഫോം വില കൊടുത്തു വാങ്ങി ക്ലാസുകൾ നടത്താനുള്ള ആലോചനയിലാണ് വിദ്യാഭ്യാസവകുപ്പ്.

ലിങ്കും പാസ്‌വേഡും കൈമാറരുത്

ഓൺലൈൻ ക്ലാസുകളുടെ ലിങ്ക്, പാസ്‌വേഡ് എന്നിവ കൈമാറാതിരിക്കാൻ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. കുട്ടികളുടെ പേരുചേർത്തുള്ള ഐ.ഡി.ഉപയോഗിച്ച് ക്ലാസിൽ കയറിയാൽ ഒരുപരിധിവരെ പ്രശ്നം പരിഹരിക്കാം. പുറത്തുള്ളവർ ക്ലാസിൽ കയറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകുകയും വേണം.

- ഇ.എസ്.ബിജുമോൻ, അഡീഷണൽ എസ്.പി.ഹൈടെക് ക്രൈം എൻക്വയറി സെൽ, കേരള പോലീസ്.