കിളിമാനൂര്‍: പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍മാറാട്ടക്കാരന്‍ പിടിയില്‍. കൊല്ലം, ആലപ്പാട് ചെറിയഴിക്കല്‍ കക്കാത്തുരുത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. അമ്മയുടെ അറിവോടെയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു ക്ഷേത്രത്തില്‍ വ്യാജപേരില്‍ പൂജാരിയായി കഴിയുമ്പോഴായിരുന്നു പീഡനം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 2018-ലാണ് കേസിനാസ്പദമായ സംഭവം. വ്യാജപേരില്‍ പൂജാരിയായി എത്തിയ ഇയാള്‍ പരിസരവാസിയായ സ്ത്രീയുമായി പരിചയത്തിലായി. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി. സ്ത്രീയുടെ അറിവോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അമ്മയും സുഹൃത്തും ചേര്‍ന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അമ്മയോട് വഴക്കിട്ട പെണ്‍കുട്ടി വിവരങ്ങള്‍ അച്ഛനെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കോതമംഗലം വടാട്ടുപാറയില്‍ നിന്നാണ് ഷാനെ കസ്റ്റഡിയിലെടുത്തത്. ശ്യാം എന്ന പേരില്‍ വ്യാജ പൂജാരിയായി പല ക്ഷേത്രങ്ങളിലും പൂജ നടത്തി വരികയായിരുന്നു ഇയാള്‍. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയായിരുന്നു ഇയാള്‍ തെറ്റിദ്ധരിപ്പിച്ചത്. ചെല്ലുന്നയിടങ്ങളില്‍ സ്ത്രീകളുമായി സൗഹൃദത്തിലാകുകയും ലൈംഗികാതിക്രമങ്ങള്‍ക്ക് ശേഷം മുങ്ങുകയുമാണ് ഇയാളുടെ പതിവ്.

സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നതും പതിവായിരുന്നു. നിരവധി സിം കാര്‍ഡുകളും വ്യാജരേഖകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

കിളിമാനൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.ബിജുകുമാര്‍, എസ്.സി.പി.ഒ. മനോജ്, സി.പി.ഒ. സഞ്ജീവ്, വിനീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: fake priest arrested in rape case in kilimanoor