കൊച്ചി: ഗൾഫിൽ കോവിഡ് വാക്സിൻ ഡ്യൂട്ടിക്കെന്ന പേരിൽ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി കലൂരിലെ 'ടേക്ക് ഓഫ്' റിക്രൂട്ടിങ് ഏജൻസി ഉടമ ഫിറോസ് ഖാനെതിരേ കൂടുതൽ പരാതികൾ. ഇതുവരെ 19 പരാതികളാണ് എറണാകുളം േനാർത്ത് പോലീസ് സ്റ്റേഷനിൽ മാത്രം ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം ഒമ്പത് പരാതികൾ ഇയാൾക്കെതിരേ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കുമെന്ന് പോലീസ് പറഞ്ഞു.

94 പേരിൽനിന്നായി 2.35 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പോലീസിന്റെ നേരത്തെയുള്ള നിഗമനം.

വിശദമായ അന്വേഷണത്തിനായി നാല് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. തട്ടിയെടുത്ത പണത്തിൽ നല്ലൊരു പങ്കും പ്രീമിയം കാറുകൾ വാങ്ങാനാണ് ഫിറോസ് ചെലവഴിച്ചത്. 17 കാറുകൾ വാങ്ങിയതായിട്ടാണ് വിവരം. ഇവ നെട്ടൂരിലുണ്ടെന്ന് പോലീസിന് അറിവ് ലഭിച്ചിട്ടുണ്ട്. കാറുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുമുണ്ട്.

വാഹനങ്ങൾ മറിച്ചുവിൽക്കുന്ന ജോലി ചെയ്തിരുന്ന ഫിറോസ് രണ്ട് വർഷം മുമ്പാണ് നഴ്സിങ് റിക്രൂട്ടിങ് മേഖലയിലേക്ക് തട്ടിപ്പുമായി എത്തുന്നത്.

ആദ്യം മരട് പോലീസിലും പിന്നീട് നോർത്ത് പോലീസിലും ഇയാളുടെ തട്ടിപ്പുകൾക്കെതിരേ കേസുകൾ വന്നു. ഇതോടെ ഏജൻസിയുടെ പേര് മാറ്റി തട്ടിപ്പ് തുടരുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ വീണ്ടും വണ്ടിക്കച്ചവടത്തിലേക്കു കൂടി ഇറങ്ങുകയായിരുന്നു. കേസിൽ ഫിറോസിനോടൊപ്പം അറസ്റ്റിലായ അബ്ദുൾ സത്താറിനെ ഇയാൾ പരിചയപ്പെടുന്നതും ഇങ്ങനെയാണ്.