കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം വണ്ടിക്കച്ചവടത്തിനിറക്കി ലാഭം കൊയ്യും, കേസിൽ പിടിയിലാകുമ്പോൾ പരാതിക്കാരുമായി ഒത്തുതീർപ്പുണ്ടാക്കും. ഒടുവിൽ പുറത്തിറങ്ങുമ്പോൾ സ്ഥാപനത്തിന്റെ പേരുമാറ്റി തട്ടിപ്പ് പുനരാരംഭിക്കും. ഗൾഫിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തുന്ന ഫിറോസ് ഖാന്റെ രീതികളാണിത്.

മുൻപ് നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായെങ്കിലും കേസുകൾ ഒത്തുതീർത്ത് പുറത്തിറങ്ങുകയായിരുന്നു. കീ ഡോട്ട് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ പേര് ടേക്ക് ഓഫ് എന്നാക്കി അതേ സ്ഥലത്തുതന്നെ വീണ്ടും തട്ടിപ്പ് തുടർന്നു.

സ്ഥാപനത്തിലെത്തുന്നവരെ കാര്യങ്ങൾ പറഞ്ഞ് വീഴ്ത്താൻ ഫിറോസ് മിടുക്കനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പരസ്യം നൽകിയാണ് ഇരകളെ വീഴ്ത്തുന്നത്. ഗൾഫിലെ ആശുപത്രികളുമായി അടുത്ത ബന്ധം ഉള്ളതായി പറഞ്ഞ് വിശ്വസിപ്പിക്കും. നഴ്സിങ് വിസ സംബന്ധിച്ചുള്ള സാങ്കേതികപരമായ കാര്യങ്ങളെല്ലാം ഇയാൾക്ക് മനഃപാഠമാണ്. ഇതുകൂടി പറഞ്ഞ് ഫലിപ്പിക്കുന്നതോടെ ആളുകൾ കണ്ണടച്ച് പണം നൽകും. വിസ തട്ടിപ്പിൽ കേസ് വരുമെന്നും ഇതിൽ അറസ്റ്റിലാകുമെന്നും പ്രതീക്ഷിച്ച് തന്നെയാണ് ഇയാളുടെ പ്രവർത്തനങ്ങൾ.

തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം വാഹനങ്ങൾ വാങ്ങാനാണ് ഉപയോഗിക്കുക. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ നിസ്സാര വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിക്കും. ഇവ അറ്റകുറ്റപ്പണി ചെയ്തെടുത്ത് കേരളത്തിൽ കൂടിയ വിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കും.

കോവിഡ് കാലത്ത് ഇത്തരത്തിൽ നിസ്സാര വിലയ്ക്ക് ഡൽഹിയിൽനിന്ന് കൂടുതൽ വാഹനങ്ങൾ ഇയാൾ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. നഴ്സിങ് തട്ടിപ്പ് സംഭവത്തിൽ കേസ് കൊടുക്കുന്ന ആളുകളുമായി കോടതിക്ക് പുറത്ത് സെറ്റിൽമെന്റ് നടത്തും. നഷ്ടമായ പണം പകുതി നൽകി പ്രശ്നം പരിഹരിക്കാമെന്ന് പറയും. കോടതി വഴി നീങ്ങുന്നതിനു പകരം ആളുകൾ കിട്ടിയതും വാങ്ങി ഒത്തുതീർപ്പിനൊരുങ്ങും. ഇത്തരത്തിലാണ് കേസുകളിൽനിന്ന് ഫിറോസ് രക്ഷപ്പെടുന്നത്.

Content Highlights:fake nursing job recruitment case firoz khan