തൃശ്ശൂര്‍: ഹോട്ടല്‍ റിസപ്ഷനില്‍ കള്ളനോട്ട് ഉപേക്ഷിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട മലയാളി പോലീസ് പിടിയിലായി. കൂടെയുണ്ടായിരുന്ന വിദേശികളെ പിടികൂടാനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മലയാളിയെയും വിദേശികള്‍ കള്ളനോട്ടുകാണിച്ചു ചതിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. വിദേശികള്‍ ഇതുവരെ രാജ്യം വിട്ടില്ലെന്നാണ് നിഗമനം. 

500 notes
പ്രതീകാത്മക ചിത്രം

16 ലക്ഷം രൂപയുടെ കള്ളനോട്ടാണ് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപത്തുള്ള ഹോട്ടലിന്റെ റിസപ്ഷനില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഒരു മലയാളിയും രണ്ടു വിദേശികളും ഉള്‍പ്പെടെയുള്ളവരാണ് നോട്ട് കൊണ്ടുവന്നതെന്ന് സി.സി.ടി.വി.ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു.

വിദേശികള്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ ഉണ്ടെന്നാണ് കരുതുന്നത്. മുറിയെടുക്കാന്‍ ഹോട്ടല്‍ അധികൃതര്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടപ്പോഴാണ് സംഘം മുങ്ങിയത്. വിതരണത്തിനുള്ള കള്ളനോട്ടുകളല്ല ഇതെന്നാണ് പോലീസ് പറയുന്നത്. നോട്ടിരട്ടിപ്പിലൂടെയായിരുന്നു ഈ സംഘം തട്ടുപ്പുനടത്തിയിരുന്നതെന്നും ഇവര്‍ പറയുന്നു.

നോട്ടിന്റെ വലുപ്പത്തില്‍ വെട്ടിയെടുത്ത കടലാസുകഷണങ്ങളും ഇവരില്‍നിന്ന് പിടികൂടിയിരുന്നു. പോലീസ് പിടിയിലായ മലയാളിയെയും വിദേശികള്‍ പറ്റിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടാതെ തട്ടിപ്പിനുപയോഗിക്കുന്ന മഷിയും മറ്റു സാധനങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ പോലീസ് വളരെ ഗൗരവത്തോടെയാണ് ഇതിനെ കണ്ടിരുന്നത്. അടുത്തദിവസംതന്നെ ഇവര്‍ പിടിയിലാകുമെന്നാണ് സൂചന.