തൃശൂര്‍: നഗരത്തില്‍ ഇല്ലാത്ത ഹോട്ടലിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നവരുടെ പേരില്‍ നടപടിയെടുക്കണമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സംഘടനാ ഭാരവാഹികള്‍ റൂറല്‍ എസ്.പി.ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കി.

കുന്നംകുളത്തെ ഹോട്ടലില്‍ പട്ടിയിറച്ചി വില്‍ക്കുന്നത് പോലീസ് പരിശോധനയില്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നത്. ഹോട്ടലിനു മുന്നില്‍ പോലീസ് കാവല്‍നില്‍ക്കുന്നതും പട്ടികളെ കൂട്ടമായി നിര്‍ത്തിയിരിക്കുന്നതും ഇറച്ചി കെട്ടിത്തൂക്കിയിട്ട ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. 

നഗരത്തിലോ പരിസരപ്രദേശങ്ങളിലോ നവമാധ്യമങ്ങളില്‍ പറയുന്ന ഹോട്ടലില്ല. ഇങ്ങനെയൊരു സംഭവവും നടന്നിട്ടില്ല. വ്യാജപ്രചാരണം നടക്കുന്നതിനാല്‍ ദീര്‍ഘദൂര യാത്രക്കാരില്‍ പലരും ഇവിടെനിന്ന് ഭക്ഷണം കഴിക്കേണ്ടെന്ന് തീരുമാനിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു. 

ഹോട്ടല്‍മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ താത്പര്യമാണ് ഇതിനുപിന്നിലുള്ളത്. മറ്റെവിടെയോ ഉണ്ടായ സംഭവം കുന്നംകുളത്ത് നടന്നതെന്ന് പ്രചരിപ്പിക്കുന്നത് നീതീകരിക്കാനാകില്ലെന്നും പ്രസിഡന്റ് ടി.എ. ഉസ്മാന്‍, സെക്രട്ടറി സുന്ദരന്‍നായര്‍ എന്നിവര്‍ പറഞ്ഞു.

ഹോട്ടലിനു സമാനമായ രീതിയിലുള്ള തട്ടുകടകളുടെ പ്രവര്‍ത്തനം ശരിയല്ല. ഒരു രേഖയുമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹോട്ടലുടമകളാണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്നത്. എല്ലാ ഹോട്ടലിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ട്. മാലിന്യസംസ്‌കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Content highlights: Crime news, Dog meat,  Fake news on selling dog meat at hotels in Kunnamkulam