ഹൈദരാബാദ്: ലോക്ക്ഡൗണിനിടെ മദ്യശാലകള്‍ തുറക്കുമെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചയാളെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഉപ്പാളിലെ കെ.സനീഷ് കുമാറിനെ(38)യാണ് പോലീസ് പിടികൂടിയത്. 

മാര്‍ച്ച് 29 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി തൊട്ട് വൈകീട്ട് 5.30 വരെ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നായിരുന്നു വ്യാജസന്ദേശം. ഇതിനോടൊപ്പം എക്‌സൈസ് വകുപ്പിന്റെ വിലാസത്തില്‍ വ്യാജമായി നിര്‍മിച്ച ഉത്തരവും ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. 

കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ വ്യാജസന്ദേശം പ്രചരിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വ്യാജസന്ദേശം പ്രചരിപ്പിച്ച മറ്റ് അഞ്ച് പേര്‍ക്ക് നോട്ടീസ് നല്‍കിയതായും വ്യാജപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. 

Content Highlights: fake message on social media about liquor shops opening; one arrested in telangana