തൃശ്ശൂര്‍: ഐ.ജി. ചമഞ്ഞ് അഞ്ചുലക്ഷം തട്ടിയ ചേര്‍പ്പ് ഇഞ്ചമുടി കുന്നത്തുള്ളി വീട്ടില്‍ മിഥുന്(21) വാഹനം കൈക്കലാക്കിയതും തട്ടിപ്പിലൂടെ. ലാപ്ടോപ്പും പണവുമെല്ലാം ഇയാള്‍ കള്ളംപറഞ്ഞ് വിശ്വസിപ്പിച്ച് കൈക്കലാക്കുകയായിരുന്നു. മുമ്പ് എസ്.ഐ. ചമഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്നും വ്യക്തമായി. പതിനേഴാം വയസ്സിലാണ് ചേര്‍പ്പില്‍ എസ്.ഐ. ചമഞ്ഞ് ഇയാള്‍ തട്ടിപ്പുനടത്തിയത്. നാട്ടുകാര്‍ പിടികൂടിയെങ്കിലും പ്രായപൂര്ത്തിയാകാത്തതുമൂലം കേസ് ഒഴിവാകുകയായിരുന്നു. ബാനുകൃഷ്ണ എന്ന പേരിലായിരുന്നു ഇപ്പോഴത്തെ തട്ടിപ്പ്.
നാടകീയമായായിരുന്നു ഇയാളുടെ നീക്കങ്ങള്‍. പോലീസ് ആകാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരാള്‍ എന്ന നിലയിലാണ് മുന്‍ ട്രഷറി ഉദ്യോഗസ്ഥനെ സമീപിക്കുന്നത്. കഷ്ടപ്പാടുകള്‍ പറഞ്ഞപ്പോള്‍ താമസസൗകര്യം നല്കി. ഭാര്യയും കുട്ടിയുമൊന്നിച്ചാണ് താമസിക്കാന്‍ എത്തിയതെങ്കിലും സഹോദരിയും മകളുമാണെന്നാണ് ട്രഷറി ഉദ്യോഗസ്ഥനോട് പറഞ്ഞത്.
തനിക്ക് ഐ.പി.എസ്. സെലക്ഷന് കിട്ടിയെന്ന് പിന്നീട് ട്രഷറി ഉദ്യോഗസ്ഥനെ വിശ്വസിപ്പിക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞു. ഡിപ്പാര്‍ട്ടുമെന്റിന്റെ വാഹനം കിട്ടാന്‍ വൈകുമെന്നതിനാല്‍ സഹായിക്കണമെന്നായി. ട്രഷറി ഉദ്യോഗസ്ഥന് പണം മുടക്കി പോലീസിന്റെ വലിയ വാഹനംതന്നെ വാങ്ങി സ്റ്റിക്കര്‍,ലൈറ്റ്,വയര്‍ലസ് സംവിധാനം എന്നിവയെല്ലാം ഒരുക്കി.
തുടര്‍ന്ന് തൃശ്ശൂരില്‍ ഡി.ഐ.ജി. ആയി നിയമിച്ചുവെന്ന കത്തുമായാണ് ഈ ഉദ്യോഗസ്ഥനു മുന്നിലെത്തുന്നത്. തൃശ്ശൂരില്‍ ഐ.ജി. മാത്രമേ ഉള്ളൂവെന്നത് ആലോചിക്കാതെയാണ് തൃശ്ശൂര്‍ ഡി.ഐ.ജി.യായുള്ള കള്ള നിയമന ഉത്തരവ് തയ്യാറാക്കിയത്. ഐ.ജി. എം.ആര്. അജിത്കുമാര്‍ ശബരിമല ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട വിവരം അറിഞ്ഞതോടെ അതും ഉപയോഗപ്പെടുത്തി. അജിത്കുമാറിനു പകരമാണ് തന്നെ നിയമിച്ചതെന്നായിരുന്നു വാദം.
സര്‍വീസ് റിവോള്‍വര്‍ കിട്ടാന്‍ വൈകുമെന്നതിനാല്‍ സ്വന്തമായി റിവോള്‍വര്‍ വാങ്ങുന്നതിന് ഒന്നരലക്ഷം രൂപയും കേസിന്റെ കാര്യങ്ങള്‍ നോക്കാന്‍ ലാപ്ടോപ്പ് വേണമെന്ന ആവശ്യം പരിഗണിച്ച് വിലകൂടിയ ലാപ്ടോപ്പും വാങ്ങി. പണവും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Also: ഐ.ജി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടി; രണ്ടാംഭാര്യയെ കാണാനെത്തിയപ്പോള്‍ 21 കാരന് പിടിയിലായി...