മേലാറ്റൂർ: ഭാര്യാപിതാവിന്റേതെന്ന പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡിയുണ്ടാക്കി ചാറ്റിങ്ങിലൂടെ പണം തട്ടിയെടുത്തതായി പരാതി. പട്ടിക്കാട് ചുങ്കം സ്വദേശിയായ യുവാവാണ് മേലാറ്റൂർ പോലീസിലും സൈബർസെല്ലിലും പരാതിനൽകിയത്.

ശനിയാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഭാര്യാപിതാവിന്റെ ഫോട്ടോയും ഫോൺനമ്പറും സഹിതമുള്ള പുതിയ ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് രാത്രി പരാതിക്കാരന് ഫ്രണ്ട് റിക്വസ്റ്റ് വരികയായിരുന്നു. ഉടനെ മെസഞ്ചറിൽ അജ്ഞാതൻ ചാറ്റിങ് തുടങ്ങി. തുടർന്ന്, ഒരു ഗൂഗിൾപേ നമ്പർ നൽകുകയും മറ്റൊരാൾക്ക് പണം കൊടുക്കാനുണ്ടെന്നും ആ നമ്പറിലേക്ക് 10,000 രൂപ അയക്കാനും പറഞ്ഞു. അത്യാവശ്യമാണെന്നും നാളെ രാവിലെതന്നെ തിരികെനൽകാമെന്ന ഉറപ്പുംനൽകി. എന്നാൽ, അക്കൗണ്ടിൽ അത്രയും പണമില്ലാത്തതിനാൽ 4000 രൂപ അയച്ചുനൽകി. രാജേഷ്കുമാർ എന്നയാളുടെ 9517391025 നമ്പറിലേക്കാണ് പണമയച്ചത്. തുടർന്ന്, സുഹൃത്തുക്കളിൽനിന്ന് ബാക്കി തുകകൂടി സംഘടിപ്പിച്ചുതരാമോ എന്ന് വീണ്ടും ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ പരാതിക്കാരന് സംശയം തോന്നുകയും ഭാര്യാപിതാവിനെ ഫോണിൽ വിളിക്കുകയുംചെയ്തു.

താൻ ഫെയ്സ്ബുക്ക് മെസഞ്ചറിൽ ചാറ്റ് ചെയ്തിട്ടില്ലെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാര്യാപിതാവ് പറഞ്ഞപ്പോഴാണ് തട്ടിപ്പിനിരയായതു മനസ്സിലാകുന്നത്. തുടർന്നാണ് തെളിവുകൾസഹിതം പോലീസിൽ പരാതിനൽകിയത്. ഭാര്യാപിതാവ് മുക്കം പോലീസ് സ്റ്റേഷനിലും പരാതിനൽകിയിട്ടുണ്ട്.