കൊച്ചി: വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി സഹായം ചോദിച്ചുള്ള പണം തട്ടിപ്പ് തുടരുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി തുടങ്ങിയ തട്ടിപ്പ് പിന്നീട് വ്യാപകമാവുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർമാരുടെയും പോലീസ് അസോസിയേഷൻ നേതാക്കളുടെയും പിന്നാലെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടു.

നിയമ സമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി. വിജയ് സാഖറെയുടെ പേരിൽ തട്ടിപ്പിന് ശ്രമിച്ചതാണ് ഒടുവിൽ നടന്നത്. ഇതിൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. എന്നാൽ, ഇത്തരം സംഭവങ്ങളിൽ നടക്കുന്ന അന്വേഷണങ്ങളിൽ ഒന്നിലുംതന്നെ പ്രതികളെ കണ്ടെത്താനാകുന്നില്ല. ബിഹാർ, ബംഗാൾ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് പ്രധാനമായി തട്ടിപ്പ് നടത്തുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, മറ്റു വിവരങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

അന്വേഷണം നടക്കുന്ന കേസുകളിൽ ഫെയ്സ്ബുക്കിൽനിന്നു ലഭിച്ച വിവരപ്രകാരം ഐ.പി. (ഇന്റർനെറ്റ് പ്രോ?ട്ടോക്കോൾ) വിലാസം നോക്കി പോയ പോലീസിന് തെറ്റി. തട്ടിപ്പുകാർ വി.പി.എൻ. (വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) ഉപയോഗിക്കുന്നതിനാൽത്തന്നെ വിദേശ ഐ.പി. വിലാസങ്ങളാണ് തെളിയുന്നത്. അതിനാൽ ഇന്റർനെറ്റ് ഉപയോഗിച്ചത് ആരെന്ന് കണ്ടെത്താനാകുന്നില്ല. പണം അയച്ചു നൽകുന്നതിനായി തട്ടിപ്പുകാർ നൽകുന്ന ഗൂഗിൾ പേ നമ്പർ വെച്ചുള്ള അന്വേഷണവും വെറുതെയായി. നമ്പർ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതാണ്. എന്നാൽ, ഈ മൊബൈൽ കണക്ഷന്റെ ഉടമയ്ക്ക് കേസുമായി ഒരു ബന്ധവുമില്ല.

എവിടെ നിന്നെങ്കിലും സംഘടിപ്പിക്കുന്ന തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മറ്റാരുടെയെങ്കിലും പേരിൽ സിം കാർഡും ബാക്ക് അക്കൗണ്ടും എടുത്താണ് തട്ടിപ്പുകാരുടെ പ്രവർത്തനം.

സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുള്ള കാര്യം പേരുകാരൻ അറിയില്ല. ഈ അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതും മറ്റെല്ലാം നടത്തുന്നതും തട്ടിപ്പുകാരാണ്. ഇതാണ് പോലീസിന്റെ അന്വേഷണത്തെ കുഴക്കുന്നത്.

ബയോ മെട്രിക് വിവരങ്ങൾ കൊടുത്ത് എടുക്കുന്ന ഒരു സിംകാർഡ് യഥാർത്ഥ ഉടമയ്ക്ക് കൊടുത്തുവിടും. ഇതേ രേഖകൾ വെച്ച് മറ്റൊരു സിം എടുത്ത് തട്ടിപ്പുകാർക്ക് വിൽക്കും. വടക്കേ ഇന്ത്യയിൽ ഇത്തരം രീതി വ്യാപകമാണെന്നാണ് കൊച്ചി സൈബർ പോലീസിന്റെ കണ്ടെത്തൽ.

ഫെയ്സ്ബുക്കിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നതിലെ താമസവും അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വേഗത്തിൽ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ, വിവരങ്ങൾ ലഭിക്കാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരുന്നുവെന്ന് സൈബർ പോലീസ് അധികൃതർ പറഞ്ഞു.