ഊട്ടി: നീലഗിരി കളക്ടർ ഇന്നസെന്റ് ദിവ്യയുടെ പേരിൽ വ്യാജ ഇ-മെയിലുണ്ടാക്കി തട്ടിപ്പുനടത്താൻ ശ്രമം. കളക്ടറുടെ പേരിൽ ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ചില സർക്കാർ ജീവനക്കാർക്കുമാണ് വ്യാജ ഇ-മെയിൽ സന്ദേശം വന്നത്. ആമസോൺ ഗിഫ്റ്റ് വൗച്ചർ എടുത്ത് തനിക്ക് അയച്ചുതരണമെന്നും ആ തുക നിങ്ങൾക്ക് പിന്നീട് നൽകാമെന്നുമാണ് സന്ദേശം. സന്ദേശം കിട്ടിയ ഉദ്യോഗസ്ഥർ കളക്ടറെ വിവരമറിയിച്ചതിനെത്തുടർന്ന് തട്ടിപ്പിന്റെ ശ്രമം മനസ്സിലായി. തിരിച്ച് സന്ദേശമയച്ചപ്പോൾ ഇത്ര രൂപയുടെ വൗച്ചർ വേണമെന്നും ഡീറ്റെയിൽസ് ഇ-മെയിലിൽ അയയ്ക്കണമെന്നും ഉടൻ മറുപടി ലഭിക്കുന്നുണ്ട്.

തട്ടിപ്പ് മനസ്സിലാക്കി കളക്ടർ ഇന്നസെന്റ് ദിവ്യ പത്രസമ്മേളനം വിളിച്ചുകൂട്ടി സംഭവത്തിന്റെ നിജസ്ഥിതി അറിയിച്ചു. ആർക്കെങ്കിലും തന്റെ പേരിൽ ഇ-മെയിൽ വന്നാൽ അത് തുറന്നുനോക്കരുതെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

കളക്ടർ ജില്ലാ എസ്.പി. ശശിമോഹനോട് വിശദമായ അന്വേഷണം നടത്തൽ ആവശ്യപ്പെട്ടിട്ടുണ്ട്. സൈബർ സെൽ അന്വേഷണം നടത്തിവരുകയാണ്.

Content Highlights:fake email id created in the name of nilagiri collector innocent divya