കോഴിക്കോട്: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) വിഭാഗത്തിലെ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പുനടത്തിയ കേസില്‍ അറസ്റ്റിലായ അരുണ്‍ പി. രവീന്ദ്രന്‍ (36) ഡല്‍ഹിയിലും സാമ്പത്തിക ക്രമക്കേട് നടത്തി.

അഞ്ചുവര്‍ഷം ഡല്‍ഹിയില്‍ താമസിച്ച ഇയാള്‍ ആറുമാസം മുമ്പാണ് കേരളത്തിലേക്കു വന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ പലര്‍ക്കും സൗകര്യമുള്ളയിടത്തേക്ക് സ്ഥലംമാറ്റം വാഗ്ദാനംചെയ്തും പണം തട്ടി. ഡി.ആര്‍.ഡി.ഒ.യില്‍നിന്ന് കിട്ടുന്ന സൗജന്യ വിമാനടിക്കറ്റ് ഉപയോഗിച്ച് പല സുഹൃത്തുക്കള്‍ക്കും യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്.

സിവില്‍ സര്‍വീസ് പരീക്ഷയുടെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ വ്യാജകത്ത് നിര്‍മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒമ്പതാം ക്ലാസ്വരെ വിദ്യാഭ്യാസം നേടിയ അരുണ്‍ അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ 118-ാം റാങ്ക് ജേതാവാണെന്നും എം.ടെക്. ബിരുദധാരിയാണെന്നും പറഞ്ഞാണ് ആളുകളെ പരിചയപ്പെട്ടിരുന്നത്. സംശയം തോന്നാതിരിക്കാന്‍ ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞന്‍ എന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നിര്‍മിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രാലയത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലുമുള്ള ചില ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് അറിയുന്നത്.

Content Highlights: fake drdo scientist fraud case kozhikode