നാഗ്പുർ: ഡോക്ടറെന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരൻ പിടിയിൽ. മഹാരാഷ്ട്രയിലെ നാഗ്പുർ കാംതി സ്വദേശിയായ ചന്ദൻ നരേഷ് ചൗധരി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പഴവര്‍ഗങ്ങളും ഐസ്‌ക്രീമുമെല്ലാം വിൽപന നടത്തിയിരുന്ന ഇയാൾ അഞ്ച് വർഷം മുമ്പാണ് വ്യാജ ഡോക്ടർ ചമഞ്ഞ് രോഗികളെ ചികിത്സിക്കാൻ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇലക്ട്രീഷ്യനായും ചൗധരി നേരത്തെ ജോലിചെയ്തിരുന്നു. ഇതിനിടെയാണ് ഓംനാരായണ മൾട്ടിപർപസ് സൊസൈറ്റി എന്ന പേരിൽ സൗജന്യ ഔഷധശാല ആരംഭിച്ചത്. ഇതിന്റെ മറവിൽ ഡോക്ടറാണെന്ന വ്യാജേന രോഗികൾക്ക് ആയുർവേദ-പ്രകൃതി ചികിത്സയും ഇയാൾ നടത്തി.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഔഷധശാലയിൽ കോവിഡ് രോഗികളെയും ചികിത്സിക്കാൻ ആരംഭിച്ചു. അടുത്തിടെ ഇയാളുടെ ചികിത്സാരീതികളിൽ സംശയം തോന്നിയ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് ഔഷധശാലയിൽ റെയ്ഡ് നടത്തിയ പോലീസ് ഇയാള്‍ വ്യാജഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവിടെനിന്ന് ഒട്ടേറെ ഓക്സിജൻ സിലിൻഡറുകളും സിറിഞ്ചുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Content Highlights:fake doctor arrested in nagpur for treating covid patients