പുണെ: പുണെ പോലീസും മിലിട്ടറി ഇന്റലിജൻസും സംയുക്തമായി നടത്തിയ നീക്കത്തിൽ വിമാൻ നഗർ സഞ്ജയ് പാർക്കിലെ കെട്ടിടത്തിൽനിന്ന് 55 കോടി രൂപയിലേറെ മൂല്യമുള്ള വ്യാജ ഇന്ത്യൻ - വിദേശ കറൻസികൾ പിടിച്ചെടുത്തു. വ്യാജനോട്ടുകൾ മുഴുവൻ എണ്ണി തിട്ടപ്പെടുത്താത്തതിനാൽ കണക്ക് ഇനിയും ഉയരുമെന്ന് മുതിർന്ന പോലീസുദ്യോഗസ്ഥൻ പറഞ്ഞു.

ബോംബെ സാപ്പേഴ്സിലെ ലാൻസ് നായിക് ഷെയ്ഖ് അലിം ഗുലാബ് ഖാനാണ് അറസ്റ്റിലായ സൈനികൻ. ഇയാളെക്കൂടാതെ പുണെയിലെ കൊണ്ടുവായിൽനിന്നുള്ള സുനിൽ ബദ്രിനാരായണ സർദ, നവി മുംബൈ കമോതെയിൽനിന്നുള്ള റിതേഷ് രത്നാകർ, മുംബൈയിലെ മീര റോഡിൽനിന്നുള്ള തുഹൈൽ അഹമ്മദ് മുഹമ്മദ് ഇഷാഖ് ഖാൻ, അബ്ദുൾ ഗനി റഹ്മത്തുള്ള ഖാൻ, ഇയാളുടെ മകൻ അബ്ദുൾ റഹ്മാൻ അബ്ദുൽ ഗനി ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

ഷെയ്ഖ് അലിം ഗുലാബ് ഖാനാണ് 23,000 രൂപയ്ക്ക് കെട്ടിടം വാടകയ്ക്ക് എടുത്തതെന്ന് അഡീഷണൽ പോലീസ് കമ്മിഷണർ (ക്രൈം) അശോക് മൊറാലെ പറഞ്ഞു. ഇയാൾ എട്ടുവർഷമായി പുണെയിലെ ബോംബെ സാപ്പേഴ്സിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

2000, 500 രൂപകളുടെ വ്യാജ നോട്ടുകൾ, ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അടയാളപ്പെടുത്തിയ കള്ളനോട്ടുകൾ, നിരോധിച്ച 1,000 രൂപയുടെ നോട്ടുകൾ, വ്യാജ യു.എസ്. ഡോളർ എന്നിവയാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ഇതുകൂടാതെ മൂന്നുലക്ഷം രൂപയുടെ യഥാർഥ ഇന്ത്യൻ നോട്ടുകൾ, യു.എസ്. ഡോളർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എയർ ഗൺ, വ്യാജ രേഖകൾ, രഹസ്യ ക്യാമറകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

യഥാർഥ നോട്ടുകളോട് സാമ്യമുള്ള കള്ളനോട്ടുകളാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. ഇവയിൽ ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യ’യ്ക്ക് പകരം ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നും ‘ഭാരതീയ റിസർവ് ബാങ്കി’ന് പകരം ‘ഭാരതീയ മനോരഞ്ജൻ ബാങ്ക്’ എന്നുമാണ് അച്ചടിച്ചിട്ടുള്ളത്. സംഭവത്തിനുപുറകിൽ വൻസംഘംതന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്.

Content Highlight: Fake currency worth at least Rs 55 crore seized in Pune