പാറശ്ശാല(തിരുവനന്തപുരം): വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊഴിയൂർ പോലീസ് അറസ്റ്റുചെയ്തു.

പൊഴിയൂർ പരിത്തിയൂർ പള്ളിവിളാകം വീട്ടിൽ സ്റ്റഡിബോയ്(32), പരിത്തിയൂർ പുതുവൽ പുരയിടത്തിൽ സാഗർ(26) എന്നിവരെയാണ് പൊഴിയൂർ പോലീസ് ഇൻെസ്പക്ടർ വിനുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പൊഴിയൂർ ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറുടെ ഔദ്യോഗിക സീലും ആശുപത്രിസീലും നിർമിച്ചാണ് കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചത്.

സ്റ്റഡിബോയ് നിരവധിപ്പേർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കളിയിക്കാവിളയിലെ സീൽ നിർമിക്കുന്ന കടയിൽനിന്ന് സാഗറാണ് വ്യാജ സീൽ നിർമിച്ചു കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. വ്യാജ സീൽ നിർമിച്ചു നൽകിയ കടയുടമയ്ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതിയെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. പൊഴിയൂർ സബ് ഇൻസ്പക്ടർ എം.ആർ.പ്രസാദ്, ശ്രീകുമാർ, സി.പി.ഒ. വിമൽ എന്നിവരുൾപ്പെട്ട സംഘമാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഘത്തെ പിടികൂടിയത്. പൊഴിയൂരിൽ കോവിഡ് നെഗറ്റീവ് വ്യജസർട്ടിഫിക്കറ്റ് വിതരണം നടത്തിയ സംഭവം 'മാതൃഭൂമി'യാണ് ആദ്യമായി പുറത്തുകൊണ്ടുവന്നത്.

Content Highlights:fake covid negative certificate two arrested in trivandrum