മുംബൈ:  കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയ മൂന്നു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മാക്‌സ് റിലീഫ് ഹെല്‍ത്ത് കെയര്‍ ഉടമ സുധീപ് മുഖര്‍ജി, ഉത്തര്‍പ്രദേശിലെ സ്വകാര്യ ഫാര്‍മ ലാബ് ജീവനക്കാരനായ സന്ദീപ് മിശ്ര എന്നിവരെയും ഇവരുടെ സഹായിയായ മറ്റൊരാളെയുമാണ് മുംബൈ സാംത നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വകാര്യ ലാബിലാണ് സന്ദീപ് മിശ്ര വ്യാജ മരുന്നുകള്‍ നിര്‍മിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാവിപിരാവിര്‍ മരുന്നിന്റെ വ്യാജപതിപ്പാണ് ഇവര്‍ വന്‍തോതില്‍ നിര്‍മിച്ച് വിപണയിലെത്തിച്ചിരുന്നത്. ഫാവിമാക്‌സ് 400 ഫാവിമാക്‌സ് 200 എന്ന പേരുകളിലാണ് ഇവ വിറ്റുപോന്നിരുന്നത്. അടുത്തിടെ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്(എഫ്ഡിഎ) ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജമരുന്നിന്റെ നിര്‍മാണം പുറംലോകമറിഞ്ഞത്. 

മുംബൈയിലെ രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം ഒന്നരക്കോടി രൂപയുടെ ഫാവിപിരാവിര്‍ മരുന്നുകള്‍ എഫ്.ഡി.എ. പിടിച്ചെടുത്തിരുന്നു. ഹിമാചല്‍ പ്രദേശിലെ സോലനിലെ മാക്‌സ് റിലീഫ് ഹെല്‍ത്ത് കെയറാണ് ഈ മരുന്നുകള്‍ നിര്‍മിച്ചതെന്നാണ് രേഖകളിലുണ്ടായിരുന്നത്. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ ഡ്രഗ് കണ്‍ട്രോളറുമായി ബന്ധപ്പെട്ടപ്പോള്‍ സംസ്ഥാനത്ത് ഇങ്ങനെയൊരു കമ്പനിയേ ഇല്ലെന്നായിരുന്നു മറുപടി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാക്‌സ് റിലീഫ് ഹെല്‍ത്ത് കെയറിന്റെ നോയിഡയിലെ കേന്ദ്രത്തില്‍നിന്നാണ് മരുന്നുകള്‍ വിതരണം ചെയ്തിരുന്നതെന്ന് കണ്ടെത്തിയത്. യാതൊരുവിധ ലൈസന്‍സും ഇല്ലാതെയാണ് ഇവര്‍ മരുന്നുകള്‍ വിറ്റിരുന്നതെന്നും വ്യക്തമായി. ഇതോടെ മാക്‌സ് റിലീഫ് ഹെല്‍ത്ത് കെയറില്‍നിന്ന് മരുന്നുകള്‍ വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ എഫ്.ഡി.എ. എല്ലാ സംസ്ഥാനങ്ങളിലേക്കും നിര്‍ദേശം നല്‍കി. മാക്‌സ് റിലീഫ് കമ്പനിയെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു. 

എഫ്.ഡി.എ. ആവശ്യപ്പെട്ടത് പ്രകാരം കമ്പനി ഉടമ സുധീപ് മുഖര്‍ജി ചില രേഖകള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതിലൊന്നും ഫാവിപിരാവിര്‍ മരുന്നുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ അനുവാദം നല്‍കിയതിന്റെ രേഖകള്‍ ഉണ്ടായിരുന്നില്ല. സുധീപ് മുഖര്‍ജി ഹാജരാക്കിയ ലൈസന്‍സിന്റെ പകര്‍പ്പ് വ്യാജമാണെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് എഫ്.ഡി.എ. സാംത നഗര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സുദീപ് മുഖര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തു. 

ഇയാളില്‍നിന്നാണ് വ്യാജ മരുന്നുകള്‍ നിര്‍മിക്കുന്നത് ഉത്തര്‍പ്രദേശിലെ സന്ദീപ് മിശ്രയാണെന്ന വിവരം ലഭിച്ചത്. മീററ്റിലെ സ്വകാര്യ ലാബില്‍ മിശ്ര നിര്‍മിക്കുന്ന വ്യാജ മരുന്നുകളുടെ പാക്കേജിങ് നിര്‍വഹിച്ചിരുന്നത് മറ്റൊരാളായിരുന്നു. ഇയാളില്‍നിന്നാണ് സുദീപ് മുഖര്‍ജിക്ക് മരുന്നുകള്‍ കൈമാറിയിരുന്നതെന്നും പോലീസ് കണ്ടെത്തി.

സന്ദീപ് മിശ്രയുടെ പക്കല്‍നിന്നും പോലീസ് പിടിച്ചെടുത്ത മരുന്നുകള്‍ വ്യാജമാണെന്നും പരിശോധനയില്‍ തെളിഞ്ഞു. ഇതോടെയാണ് മീററ്റില്‍നിന്നും സന്ദീപ് മിശ്രയെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ ഐ.പി.സി. പ്രകാരമുള്ള കുറ്റങ്ങളും ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. 

Content Highlights: fake covid drug produced in a private lab in up