ചെന്നൈ: ചെന്നൈയിലെ ഷോപ്പിങ് മാളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണം എത്തിച്ചേര്‍ന്നത് ഒമ്പതു വയസ്സുകാരനില്‍. പോലീസ് കണ്‍ട്രോള്‍ റൂം നമ്പരായ 100-ല്‍ വിളിച്ചാണ് നാലാം ക്ലാസുകാരനായ കുട്ടി ബോംബ് ഭീഷണി മുഴക്കിയത്.

അണ്ണാനഗറിലെ ഷോപ്പിങ് മാളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്താനായി മാളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

അവിടെ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമ്പത്തൂരില്‍നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് വ്യക്തമായി.അവിടെ എത്തിയപ്പോഴാണ് ഇതിനുപിന്നില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണെന്ന് മനസ്സിലായത്.

മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതിന് മുത്തച്ഛന്‍ ശകാരിച്ചതിനെത്തുടര്‍ന്നുള്ള ദേഷ്യത്തിലാണ് കുട്ടി കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കിയത്. അജ്ഞാതര്‍ വീട്ടില്‍ പ്രവേശിച്ചാലും മറ്റ് അടിയന്തര ഘട്ടങ്ങളിലും പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാന്‍ ജോലിക്കാരായ അച്ഛനും അമ്മയും കുട്ടിയെ ഉപദേശിച്ചിരുന്നുവത്രെ. ഇതാണ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാന്‍ കാരണമായത്.

വ്യാജ ബോംബ് ഭീഷണി ശിക്ഷാര്‍ഹമായ കുറ്റമാണെങ്കിലും തെറ്റ് മനസ്സിലാക്കാന്‍ കഴിയാത്ത പ്രായത്തിലുള്ള കുട്ടിയായതിനാല്‍ ഉപദേശം നല്‍കി പോലീസ് മടങ്ങുകയായിരുന്നു.