മാവേലിക്കര: വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു കൈവശംവെച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തലവന്‍ ലിജു ഉമ്മനുമായി മാവേലിക്കര പോലീസ് വര്‍ക്കലയില്‍ തെളിവെടുപ്പു നടത്തി. കഴിഞ്ഞദിവസം പിടിയിലായപ്പോള്‍ ഇയാളുടെ പഴ്സില്‍നിന്ന് ലഭിച്ച സ്വന്തം ഫോട്ടോ പതിച്ച ആധാര്‍ കാര്‍ഡിലെ സാബു ജോണ്‍സണ്‍, മഠത്തില്‍ തറയില്‍, കുടശ്ശനാട് എന്ന മേല്‍വിലാസം നിലവിലില്ലാത്തതാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു.

കായംകുളം സ്വദേശിയായ സുഹൃത്താണു തനിക്ക് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചുനല്‍കിയതെന്നു ലിജു ഉമ്മന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കായംകുളം സ്വദേശി നിലവില്‍ വര്‍ക്കല റെയില്‍വേസ്റ്റേഷനടുത്താണു താമസിക്കുന്നതെന്ന ലിജു ഉമ്മന്റെ മൊഴിപ്രകാരമാണ് മാവേലിക്കര എസ്.ഐ. പി.എസ്. അംശുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെയുംകൊണ്ട് വര്‍ക്കലയിലെത്തിയത്. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് തനിക്ക് ആധാര്‍ കാര്‍ഡ് കൈമാറിയതെന്ന് ലിജു ഉമ്മന്‍ പോലീസിനോടു പറഞ്ഞിരുന്നു. ഇയാള്‍ പറഞ്ഞതനുസരിച്ച് റെയില്‍വേസ്റ്റേഷനിലും പരിസരങ്ങളിലും പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

മാവേലിക്കര സണ്ണി വധക്കേസില്‍ ലിജു ഉമ്മന്റെ കൂട്ടുപ്രതിയായിരുന്നു കായംകുളം സ്വദേശിയെന്നു പോലീസ് പറഞ്ഞു.

തഴക്കരയിലെ വാടകവീട്ടില്‍നിന്ന് 29 കിലോ കഞ്ചാവു കണ്ടെടുത്ത കേസിലാണു ലിജു ഉമ്മനെ പോലീസ് അറസ്റ്റുചെയ്തത്. റിമാന്‍ഡിലായിരുന്ന ഇയാളെ കൂടുതല്‍ ചോദ്യ ചെയ്യുന്നതിനും തെളിവെടുപ്പു നടത്തുന്നതിനുമായി പോലീസ് നാലുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്ച ലിജു ഉമ്മനെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.