ചെന്നൈ: കശുവണ്ടി ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ തമിഴ്‌നാട് കടലൂരിലെ ഡി.എം.കെ. എം.പി. ടി.ആര്‍.വി.എസ്. രമേഷ് കോടതിയില്‍ കീഴടങ്ങി. കേസില്‍ എം.പി.യെ അറസ്റ്റ് ചെയ്യാനായി സി.ബി.സി.ഐ.ഡി. അന്വേഷണം തുടരുന്നതിനിടെയാണ് അദ്ദേഹം കോടതിയിലെത്തി കീഴടങ്ങിയത്. 

തൊഴിലാളിയുടെ മരണത്തിന് പിന്നാലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഡി.എം.കെക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എം.പി. കോടതിയില്‍ പറഞ്ഞു. എം.കെ. സ്റ്റാലിന്റെ മികച്ച ഭരണത്തിനെതിരേ നടക്കുന്ന ഇത്തരം വ്യാജ ആരോപണങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്ന് കരുതിയാണ് കീഴടങ്ങിയത്. തനിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ നിയമപരമായി നേരിടുമെന്നും നിരപരാധിയാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രമേഷിന്റെ ഉടമസ്ഥതയിലുള്ള കടലൂരിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളി ഗോവിന്ദരാജ് (55) കഴിഞ്ഞമാസം 20-നാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് രമേഷും അഞ്ചുപേരും ചേര്‍ന്ന് മര്‍ദിച്ചതാണ് മരണകാരണമെന്ന് ഗോവിന്ദരാജിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ആദ്യം കാടാമ്പുലിയൂര്‍ പോലീസാണ് അന്വേഷണം നടത്തിയത്. പിന്നീട് കേസന്വേഷണം സി.ബി.സി.ഐ.ഡി. ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ എം.പി.യുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് നടരാജന്‍, ഫാക്ടറി മാനേജര്‍ എം. കണ്ടവേല്‍, മറ്റുപ്രതികളായ എം. അള്ളാപ്പിച്ചൈ, കെ. വിനോദ്, സുന്ദരരാജന്‍ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 

Content Highlights: factory worker murder case dmk mp surrenders before court