കൊച്ചി: എസ്.ഐ ആനി ശിവക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിഭാഷകയായ സംഗീത ലക്ഷ്ണമക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി. 509, ഐ.ടി. ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ആനി ശിവയെ അധിക്ഷേപിക്കുന്ന സംഗീത ലക്ഷ്മണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു.  പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായ ആനി ശിവയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയര്‍ന്നു. 

ഒരുകാലത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി നാരങ്ങാവെള്ളം വിറ്റുനടന്നിരുന്ന വര്‍ക്കലയില്‍ എസ്.ഐ.യായി ചാര്‍ജെടുത്തതോടെയാണ് ആനി ശിവയുടെ ജീവിതകഥ പുറംലോകമറിയുന്നത്. ജൂണ്‍ 27-ന് ആനി ശിവയെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത സാമൂഹികമാധ്യമങ്ങളും ഏറ്റെടുത്തു. ഏവര്‍ക്കും പ്രചോദനമാകുന്ന ആനി ശിവയുടെ ജീവിതകഥ സിനിമാതാരങ്ങളടക്കം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. നിലവില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലാണ് ആനി ശിവ ജോലിചെയ്യുന്നത്. 

Content Highlights: facebook post against si ani shiva police case against sangeetha lakshmana