കാളികാവ്: ഫെയ്സ്ബുക്കിലൂടെ വിപുലമായ സൗഹൃദമുണ്ടാക്കിയവർ ഒട്ടേറെ. എന്നാൽ ഇത്തരം ചങ്ങാത്തംവഴി പണികിട്ടിയവരും കുറവല്ല. കൊണ്ടോട്ടി നെടിയിരുപ്പിലെ ഒരു മുസ്ലിയാർക്ക് കിട്ടിയത് 'സൗഹൃദപ്പാര'യാണ്.
മമ്പാട്ടുമൂല സ്വദേശിയായ യുവാവ്, മണ്ണാർക്കാട്ടുകാരൻ എന്ന നിലയ്ക്കാണ് മുസ്ലിയാരുമായി ചങ്ങാത്തത്തിലാവുന്നത്. നിരന്തരം സന്ദേശങ്ങൾ കൈമാറി ബന്ധം ശക്തിപ്പെട്ടു. ഒരാഴ്ചയ്ക്കുശേഷം മമ്പാട്ടുമൂല സ്വദേശി നെടിയിരുപ്പിലെത്തി. രാത്രി മടങ്ങിപ്പോകാൻ കഴിയില്ലെന്നു പറഞ്ഞ സുഹൃത്തിന് മുസ്ലിയാർ തന്റെ മുറിയിൽ വിരുന്നുമൊരുക്കി. എന്നാൽ ഇദ്ദേഹം പുറത്തുപോയ തക്കംനോക്കി സുഹൃത്ത് ഫോണുമായി മുങ്ങുകയായിരുന്നു.
ഫോൺ നഷ്ടപ്പെട്ട വിവരം മുസ്ലിയാർ കൊണ്ടോട്ടി പോലീസിൽ പരാതിപ്പെട്ടു. അവർ കാളികാവ് പോലീസിന് കൈമാറി. മമ്പാട്ടുമൂല സ്വദേശിയെ കണ്ടെത്തിയ പോലീസ് ചൊവ്വാഴ്ച ഇയാളെക്കൊണ്ടുതന്നെ ഫോൺ തിരിച്ചേൽപ്പിച്ച് പരാതിക്ക് തീർപ്പുണ്ടാക്കി. ഇനി ഫെയ്സ്ബുക്കുതന്നെ വേണ്ടെന്ന് തീരുമാനിച്ചാണ് മുസ്ലിയാർ സ്റ്റേഷനിൽനിന്ന് മടങ്ങിയത്.
Content Highlights:facebook friend looted mobile phone from kondotty