ചെറുകുന്ന്: വിവാഹിതരായ സ്ത്രീകളുമായി ഫെയ്സ്ബുക്കും വാട്സ്ആപ്പും വഴി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുന്ന യുവാവ് അറസ്റ്റിൽ. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകുന്ന് ഒതയമ്മാടം സ്വദേശിയായ പയ്യൻവളപ്പിൽ അനൂപ് (37)ആണ് അറസ്റ്റിലായത്.

കണ്ണപുരം സ്വദേശിനിയായ ഒരു യുവതി കണ്ണൂർ എ.സി.പി.ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കണ്ണപുരം ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ ആണ് പ്രതിയെ അനൂപിനെ പിടികൂടിയത്. പ്രതിയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

സൗഹൃദം സ്ഥാപിച്ചവരോട് ഫോട്ടോ അയക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഈ ഫോട്ടോ ഭർത്താവിന് അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് സ്വർണവും പണവും കൈക്കലാക്കുന്നത്. പ്രതിയുടെ ഫോൺ പരിശോധന നടത്തിയതിൽ നിരവധി സ്ത്രീകളുമായി പ്രതി ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹികമാധ്യമങ്ങൾ വഴി നിരന്തരം ബന്ധപ്പെടുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും സ്ത്രീകൾ പ്രതിയുടെ ചൂഷണത്തിനു വിധേയയായിട്ടുണ്ടെങ്കിൽ കണ്ണപുരം പോലീസ് സ്റ്റേഷനിലോ കണ്ണൂർ എ.സി.പി. യെയോ വിവരം അറിയിക്കണമെന്ന് എ.സി.പി. പി.ബാലകൃഷ്ണൻ നായർ അറിയിച്ചു.