പെരുമ്പാവൂര്‍: ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തിയെന്ന പേരില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂര്‍ കുന്നംകുളം പെരുമ്പിലാവ് കോയക്കുഞ്ഞകത്ത് പടിഞ്ഞാറെ ഒറ്റയില്‍ നസീഫ് അഷ്‌റഫ് (22) ആണ് അറസ്റ്റിലായത്. ആന്റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.
മോഹന്‍ലാലും ആന്റണിയുമായി ബന്ധമുള്ളവരുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ അനാശാസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ഇയാള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. മുന്‍പ് പൃഥ്വിരാജിനെതിരേയും എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. തുടങ്ങിയ സംഘടനകള്‍ക്കെതിരേയും ഇയാള്‍ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള ഇയാള്‍ ഡൊണാള്‍ഡ് ട്രംപിന്റെയും നാസയുടെയും ഉപദേശകനാണെന്നും മറ്റുമാണ് അവകാശപ്പെട്ടിരുന്നത്.
പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരുമ്പിലാവിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റുചെയ്തത്. യുവാവ് മാനസികരോഗത്തിന് ചികിത്സയില്‍ കഴിയുന്നയാളാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വളരെ വിശ്വാസയോഗ്യമായ രീതിയിലാണ് ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പെരുമാറ്റവുമെന്ന് പോലീസ് പറയുന്നു.