ചവറ സൗത്ത് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തേവലക്കര പുത്തൻസങ്കേതം സ്വദേശി കെ.ജി.രഘുവിനെയാണ് (42) ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തത്. ആര്യങ്കാവ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥനാണ് രഘു.
പോലീസ് പറയുന്നത്: രണ്ടാഴ്ചമുൻപ് അഞ്ചാലുംമൂട്ടിൽനിന്ന് പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് അഞ്ചാലുംമൂട് പോലീസ് അന്വേഷണം നടത്തിയിരുന്നു. നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തി. വൈദ്യപരിശോധനയിൽ പെൺകുട്ടി നേരത്തേ പീഡനത്തിനിരയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചൈൽഡ് ലൈനിൽ അറിയിച്ചു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് നേരത്തേ എക്സൈസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരമറിയുന്നത്. ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Content Highlights:excise officer arrested in rape case in chavara kollam