വിജയവാഡ: ആന്ധ്രപ്രദേശിൽ നഴ്സായ യുവതിയെ മുൻ കാമുകൻ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതിയും മുൻകാമുകനും മരിച്ചു. വിജയവാഡ ഹനുമാൻപേട്ടിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

കോവിഡ് കെയർ സെന്ററിലെ നഴ്സായ ചിന്നാരി(24) മുൻ കാമുകൻ ജി. നാഗഭൂഷണം(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചിന്നാരി കോവിഡ് സെന്ററിൽനിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് തീകൊളുത്തിയത്. റോഡിൽവെച്ച് ചിന്നാരിയും നാഗഭൂഷണവും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് കൈയിൽ കരുതിയ മണ്ണെണ്ണ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്. എന്നാൽ ശരീരത്തിൽ തീപടർന്നതോടെ യുവതി നാഗഭൂഷണത്തെ പിടിച്ചുവെച്ച് തന്റെ ശരീരത്തോട് ചേർത്തുപിടിച്ചു. ഇതോടെ യുവാവിനും ഗുരുതരമായി പൊള്ളലേറ്റു. ചിന്നാരി സംഭവസ്ഥലത്തുവെച്ചും 80 ശതമാനത്തോളം പൊള്ളലേറ്റ നാഗഭൂഷണം ആശുപത്രിയിലുമാണ് മരിച്ചത്.

ഇരുവരും തമ്മിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളുടെ നിർബന്ധം കാരണം യുവതി അടുത്തിടെ ബന്ധത്തിൽനിന്ന് പിന്മാറി. എന്നാൽ നാഗഭൂഷണം യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു. തന്നോടൊപ്പം ഒളിച്ചോടാനും യുവതിയെ നിർബന്ധിച്ചു. ശല്യം രൂക്ഷമായതോടെ രണ്ടുമാസം മുമ്പ് മുൻകാമുകനെതിരേ പരാതി നൽകി. തുടർന്ന് പോലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പിന്മേലാണ് യുവതി പരാതി പിൻവലിച്ചത്. എന്നാൽ ഇതിനുശേഷം യുവാവ് ഏറെ വിഷമത്തിലായിരുന്നുവെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.


Content Highlights:ex lover sets woman on fire both dies