തിരുവനന്തപുരം: ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയുമായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. ​ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ നൂറനാട് സ്വദേശി ബാബുക്കുട്ടനെ മേയ് നാലിനാണ് പോലീസ് പിടികൂടിയത്. സംഭവം നടന്ന ട്രെയിൻ തിരുവനന്തപുരത്തായതിനാലാണ് പ്രതിയുമായി അന്വേഷണസംഘം ഇവിടെ എത്തിയത്. 

ഫോറൻസിക് വിദ​ഗ്ധരും  തെളിവെടുപ്പിനെത്തിയിരുന്നു. യുവതിയിൽ നിന്ന് പ്രതി കവർന്ന ആഭരണങ്ങൾ നാല് ദിവസത്തിനുള്ളിൽ കണ്ടെടുക്കുമെന്ന് പോലീസ് മേധാവി രാജേന്ദ്രൻ എസ് അറിയിച്ചു. പ്രതിയുടെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടിയുണ്ട്. വനിതാ കമ്പാർട്ട്മെന്റിലെത്തിയ പ്രതി സ്ക്രൂഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്ന് ആഭരണങ്ങളും മൊബൈൽഫോണും അപഹരിച്ചത്. 

ട്രെയിൻ കാഞ്ഞിരമറ്റം ഒലിപ്പുറത്ത് എത്തിയപ്പോഴായിരുന്നു യുവതിയുടെ നേരെ ആക്രമണമുണ്ടായത്. ആഭരണങ്ങളും ഫോണും നൽകിയ ശേഷം പ്രതി ശാരീരികമായി ആക്രമിക്കാൻ തുടങ്ങിയതോടെ യുവതി ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. ട്രെയിനിന്റെ വേ​ഗത കുറവായതിനാലും മണൽതിട്ടയുടെ മേൽ വീണതിനാലും ​ഗുരുതരപരിക്കുകളേൽക്കാതെ യുവതി രക്ഷപ്പെട്ടു. 

പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സംഭവത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പിടികൂടിയത്. പ്രതിക്കായുള്ള  തിരച്ചില്‍ ഊർജ്ജിതമായി തുടരുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

 

Content Highlights: Evidence taking woman attacked in running train case