ഏറ്റുമാനൂർ: ഏറ്റുമാനൂരിലെയും അതിരമ്പുഴയിലെയും നാല് കേസുകളിലായി 14 പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റുചെയ്തു. അതിരമ്പുഴ കോട്ടമുറിയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ ഒളിവിലായിരുന്നവർ ഉൾപ്പെടെയാണിത്. ഒരാഴ്ചയ്ക്കിടയാണ് 14 പേരെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിർദേശത്തെ തുടർന്നാണിത്.

കാറിൽനിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കോട്ടമുറി മാടപ്പള്ളി ബിബിൻ ബെന്നി (20), പാറോലിക്കൽ കൊച്ചുപറമ്പിൽ ആൽബിൻ ബിജു(20), നാൽപ്പാത്തിമല തടത്തിൽ അശ്വിൻ (അമ്പാടി-20) എന്നിവർ പിടിയിലായി. അപകടത്തിൽ പരിക്കേറ്റ ഇവരുടെ സംഘത്തിലുണ്ടായിരുന്ന യുവാവിനെ സംഭവദിവസംതന്നെ പിടികൂടിയിരുന്നു. മൂന്നുപേർ അന്ന് ഇറങ്ങിയോടിയിരുന്നു. ഇവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 24-ന് രാത്രി ഒൻപതിനായിരുന്നു അപകടം.

ജൂലായ് 13-ന് പുന്നത്തുറ ജങ്ഷൻ-സി.എസ്.ഐ.മല റോഡിൽ സെമിത്തേരി ഭാഗത്ത് കുരുമുളക് സ്പ്രേ വിതറിയശേഷം അച്ഛനെയും രണ്ടു മക്കളേയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ഏറ്റുമാനൂർ കിഴക്കുംഭാഗം വെട്ടിമുകൾ പള്ളിവാതുക്കൽ മർക്കോസ് ജോസഫ് (ബാബു-56), വലിയപറമ്പിൽ ജിത്തു ജോസഫ്(26) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിലെ പ്രതികളായ കാണക്കാരി കടപ്പൂർ പട്ടിത്താനം മഞ്ജുഭവനിൽ ആന്റോ വർഗീസിനെയും (30), അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം നാൽപ്പാത്തിമല ഒഴുവക്കണ്ടത്തിൽ ജിബിനെ(21)യും നേരത്തെ പിടികൂടിയിരുന്നു. അള്ളുങ്കൽ ബിജു(46), മക്കളായ മനു(25), അനു (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെയും ഇവരുടെ വീട്ടിലെത്തിയ ബന്ധുക്കളുടെയും ഇരുചക്രവാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി. എസ്.സി. മോർച്ച ജില്ലാ കമ്മിറ്റി അംഗവും കെ.പി.എം.എസ്. ശാഖാ സെക്രട്ടറിയുമായ ചാമക്കാല തച്ചേട്ടുപറമ്പ് കോളനിയിൽ ഷാമിലിമോൾ ജയപ്രകാശിനെയും കുടുംബത്തെയും ആക്രമിച്ചുവെന്ന പരാതിയിൽ ഇരുവിഭാഗങ്ങൾക്കെതിരേയും പോലീസ് കേസെടുത്തിരുന്നു.

ഈ സംഭവത്തിൽ ഓണംതുരുത്ത് കുറുമുള്ളൂർ തച്ചേട്ടുപറമ്പിൽ പാറകണ്ടത്തിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശരത് (25), തച്ചേട്ടുപറമ്പ് കോളനിയിൽ തച്ചേട്ടുപറമ്പിൽ വീട്ടിൽ ഗോപകുമാർ (34), അജയൻ (49), റെജിമോൻ (35), കലിങ്കപ്പറമ്പ് വീട്ടിൽ ഗിരീഷ്കുമാർ (31), ഗോപാലകൃഷ്ണൻ (54), ഓണംതുരുത്ത് കുറുമുള്ളൂർ ശ്യാമിലി നിവാസിൽ ജയപ്രകാശ് (രാജീവ്-36), ശ്യാമിലിനിവാസിൽ ഷാജിമോൻ (ചാക്കോ-50) എന്നിവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ. ടി.എസ്. റെനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ എസ്.ഐ. പ്രശോഭ്, സിവിൽ പോലീസ് ഓഫീസർമാരായ സാബു മാത്യു, സാബു, രാജേഷ്, അനീഷ്, രാകേഷ്, പ്രവീൺ, സുനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.