മംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസസംവിധാനത്തില്‍ നിരാശനാണെന്നും തന്റെ ഭാവിയില്‍ ആശങ്കയുള്ളതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും വീഡിയോ റെക്കോഡ് ചെയ്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യചെയ്തു.

ഹാസന്‍ ജില്ലയിലെ അരസിക്കെരെ ഹിരയാടുസ്വദേശി ഹേമന്ദ് ഗൗഡ (20) ആണ് തിങ്കളാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ഹാസനിലെ രാജീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിയാണ്.

ചൊവ്വാഴ്ച രാവിലെയോടെയാണ് മരണവിവരമറിയുന്നതും പോലീസ് വീഡിയോ കണ്ടെടുക്കുന്നതും. തന്റെ അച്ഛനും അധ്യാപകനാണെന്നും അദ്ദേഹത്തിന്റെ ശിഷ്യരെല്ലാം ഉന്നതനിലയില്‍ എത്തിയെങ്കിലും തന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ഹേമന്ദ് വീഡിയോയില്‍ പറയുന്നു.

നിലവില്‍ കര്‍ണാടകയില്‍ തുടര്‍ന്നുവരുന്ന വിദ്യാഭ്യാസരീതി യുവാക്കള്‍ക്ക് ഉപകാരപ്പെടാത്തതാണെന്നും അത് മാറ്റണമെന്ന് മുഖ്യമന്ത്രിയോടും വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരോടും അഭ്യര്‍ഥിക്കുന്നതായും ഇതിലുണ്ട്. തന്റെ അവയവങ്ങള്‍ ദാനംചെയ്യണമെന്നും വീഡിയോയില്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)