മധുര: തമിഴ്നാട്ടിലെ യുവ എൻജിനീയറുടെ മരണം കൊലപാതകമെന്ന് പോലീസ്. ഭാര്യയും ബന്ധുക്കളായ രണ്ട് പേരും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും ഇവരെ പിടികൂടിയതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മധുര തിരുമംഗലം സ്വദേശിയും സർവേ വകുപ്പിലെ എൻജിനീയറുമായ ഇ. സുന്ദർ എന്ന സുധീർ(34) മരിച്ചത്. കട്ടിലിൽനിന്ന് നിലത്തേക്ക് വീണ ഭർത്താവ് ബോധരഹിതനായെന്ന് പറഞ്ഞാണ് സുധീറിനെ ഭാര്യ അറിവുസെൽവം ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. മരണത്തിൽ സംശയം തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് തിരുമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോലീസിന് തുടക്കംമുതലേ സംശയമുണ്ടായിരുന്നു. മൃതദേഹ പരിശോധനയിൽ യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ പരിക്കേറ്റതായും കണ്ടെത്തി. ഇതോടെ അന്നേദിവസം തന്നെ അറിവുസെൽവത്തെ പോലീസ് വിശദമായി ചോദ്യംചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി സമ്മതിച്ചത്.
വ്യാഴാഴ്ച രാത്രി ഭർത്താവിന് പാലിൽ ഉറക്കഗുളിക കലർത്തിനൽകി. ഇതിനുപിന്നാലെ ബന്ധുക്കളായ ബാലാമണിയെയും സുമയാറിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവർ യുവാവിനെ പ്ലാസ്റ്റിക്ക് ചാക്കിലാക്കി കെട്ടി. ഇതിനിടെ ഇരുവരും യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഏറെനേരം പ്ലാസ്റ്റിക് ചാക്കിൽ കിടന്ന് ശ്വാസംമുട്ടിയാണ് യുവാവ് മരിച്ചത്. തുടർന്ന് മൃതദേഹം പുറത്തെടുത്ത് അറിവുസെൽവം ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
എട്ട് വർഷം മുമ്പാണ് സ്കൂൾ അധ്യാപികയായ അറിവുസെൽവത്തെ സുധീർ വിവാഹം കഴിച്ചത്. ദമ്പതിമാർക്ക് ഒരു മകളുണ്ട്. എന്നാൽ ഭർത്താവ് മദ്യപിച്ച് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കാറുണ്ടെന്നും യുവതി പറഞ്ഞു. ഇത് ചെറുത്താൽ ക്രൂരമായി മർദിക്കും. ഇത് പതിവായതോടെയാണ് ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.
Content Highlights:engineer killed by his wife and her relatives in tamilnadu