ചേർപ്പ്: ബാങ്കിൽ പണയം വെച്ച 180 ഗ്രാം സ്വർണം കവർന്ന ജീവനക്കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ ഞെരുവുശ്ശേരി ഇട്ടിയേടത്ത് ശ്യാം (25) ആണ് അറസ്റ്റിലായത്. പുതുക്കാട് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി.ആർ. സ്മിതയുടെ നേതൃത്വത്തിൽ പൂച്ചിന്നിപ്പാടത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ കാറിലുണ്ടായിരുന്ന ബാഗിൽ വിവിധ കവറുകളിലായി പണയസ്വർണം കണ്ട് സംശയം തോന്നി, ചേർപ്പ് പോലീസ് ഇൻസ്പെക്ടർ പി.എ. ഫൈസലിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കവർച്ചയെക്കുറിച്ചറിഞ്ഞത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. അഞ്ചുവർഷമായി ചാലക്കുടി യൂണിയൻ ബാങ്കിലെ ക്ലാസ് ഫോർ ജീവനക്കാരനാണ് ശ്യാം. പ്രളയനാളുകളിൽ ബാങ്കിലെ പണയ ഉരുപ്പടികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ അതിലെ 180 ഗ്രാം ആഭരണങ്ങൾ ശ്യാം മറ്റ് ജീവനക്കാർ കാണാതെ ഒളിപ്പിച്ചു കടത്തി.

പിന്നീട് സ്വകാര്യ ബാങ്കിൽ പണയംവെച്ചു. അവിടെനിന്ന്‌ സ്വർണം എടുത്ത് കാറിൽ ഒളിപ്പിച്ചു. താത്‌കാലിക ജീവനക്കാരനായി ജോലി തുടങ്ങിയ ശ്യാം ആർഭാടജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

Content Highlight: Employee theft gold from bank in flood